അഷറഫ് ചേരാപുരം
ദുബൈ: കാഴ്ച പരിമിതര്‍ക്കുള്ള നവീന ഉപകരണങ്ങള്‍ നാട്ടിലും പരിചയപ്പെടുത്തുകയാണ് മുഹമ്മദ് ഇഖ്ബാല്‍. ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചെലവഴിക്കുന്ന അസം സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ മുഹമ്മദ് ഇഖ്ബാല്‍ ഈ മേഖലയില്‍ അനവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തനം നടത്തുന്ന അദ്ദേഹം സ്മാര്‍ട്ട് കെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ്.
തുര്‍ക്കി ആസ്ഥാനമായുള്ള കമ്പനി നിര്‍മിച്ച് വി വാക്ക് എന്ന സ്മാര്‍ട്ട് കെയിന്‍ പരിചയപ്പെടാനുള്ള അവസരമാണ് കേരളത്തില്‍ ഒരുക്കുന്നത്. സാധാരണ വൈറ്റ് കെയിന്‍ പോലെയുള്ള ഈ ഉപകരണത്തിന്റെ ഹാന്റിലാണ് കാഴ്ച പരിമിതരെ സഞ്ചരിക്കാന്‍ സഹായിക്കുന്നത്. മുമ്പിലുള്ള തടസങ്ങള്‍ കണ്ടെത്തി സഞ്ചാരിക്ക് നിര്‍ദേശം നല്‍കുക, ചെറിയ തോതിലുള്ള അലാറം സംവിധാനം, ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണ്‍ ബന്ധം, റൂട്ട് മാപ്പ്, ലൊക്കേഷന്‍ അനലൈസര്‍, ഓഡിയോ അലേര്‍ട്ടുകള്‍ തുടങ്ങി അനവധി പ്രത്യേകതകള്‍ ഇതിനുണ്ട്.
സഞ്ചാരിക്ക് തന്റെ വിരല്‍ സ്പര്‍ശം കൊണ്ട് ഇതിന്റെ സൗകര്യങ്ങളെ നിയന്ത്രിക്കാനാവും. WeWALK ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രത്യേകതകള്‍ അറിയാനുമാവും. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇതിന്റെ ഉപയോഗം കാഴ്ച പരിമിതര്‍ക്കും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിചയപ്പെടുത്താനുള്ള ഉദ്യമത്തിലാണ് ഇഖ്ബാല്‍.