പ്രീണിപ്പിച്ച്, വിഭജിച്ച്, വോട്ടുകള്‍ സമ്പാദിക്കാനുള്ള ഓരോ തന്ത്രങ്ങള്‍?

Opinions

വിപല്‍സന്ദേശം / സി ആര്‍ പരമേശ്വരന്‍

സംഘികള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് അന്തിമ ന്യായീകരണമായി പറയുന്നത് ഗാന്ധി ഹിന്ദി പ്രചാരണത്തില്‍ വളരെ ഉല്‍സുകനായിരുന്നു എന്നാണ്. സംഘികളുടെ ഹിന്ദി അനുകൂല ആഖ്യാനങ്ങളില്‍ സര്‍വത്ര ഗാന്ധി, ഗാന്ധി, ഗാന്ധി….

ഇപ്പറയുന്നത് കേട്ടാല്‍ തോന്നും അഹിംസാവാദികള്‍ ആയ ഇവരൊക്കെ അക്ഷരംപ്രതി ഗാന്ധിജി പറയുന്നതനുസരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തു പോരുന്നത് എന്ന്.

ഉദാഹരണത്തിന്, ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിക്കുന്നതിന് മുന്‍പ് ഇവന്മാര്‍ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ സമ്മതപത്രം വാങ്ങിയിരുന്നു.

ബാബറിമസ്ജിദ് വലിച്ചു താഴെയിടുന്നതിനു മുന്‍പ് ഗാന്ധിയുടെ അനുവാദം വാങ്ങിയിരുന്നു.

ഗുജറാത്ത് കൊലപാതകങ്ങള്‍ക്കു മുന്‍പ് മോദിയും ബോംബെ കൊലപാതകങ്ങള്‍ക്ക് മുന്‍പ് താക്കറെയും ഗാന്ധിയുടെ സമ്മതം വാങ്ങിയിരുന്നു.

റഫേല്‍ ഇടപാട്, അദാനി പോലുള്ള crony സന്താനങ്ങളെ വളര്‍ത്തി, ഡിവിഡന്റ് ആയ ശതകോടികള്‍ ഉപയോഗിച്ച് പ്രതിപക്ഷ MLA മാരെ വാങ്ങുന്ന ‘ഓപ്പറേഷന്‍ താമര’ എന്നിവയൊക്കെ ആസൂത്രണം ചെയ്യുന്നത് രാജ്ഘട്ടില്‍ വച്ച് ബാപ്പുജിയുടെ സജീവ പ്രസന്ന സാന്നിധ്യത്തില്‍ ആണ്.

ഇവര്‍ക്ക് അറിയാം ഭാഷ അടിച്ചേല്‍പ്പിക്കുന്ന ഇടപാട് ഒന്നും നടപ്പാവില്ല എന്ന്. എന്നാലും വടക്കേ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരികയല്ലേ? കള്ള വഹകള്‍ ചിന്തിക്കുന്നത് പ്രീണിപ്പിച്ച്, വിഭജിപ്പിച്ച് കുറച്ച് വോട്ടുകള്‍ സമ്പാദിക്കാം എന്നാണ്.