സേവ് പുനൂര്‍പുഴ ഫോറം പരിസ്ഥിതി മാധ്യമ പുരസ്‌കാരം അഷ്‌റഫ് വാവാടിന്

Kozhikode

കോഴിക്കോട്: സേവ് പൂനൂര്‍പുഴ ഫോറം ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് സേവ് പൂനൂര്‍പുഴ ഫോറം ഏര്‍പ്പെടുത്തിയ പരിസ്ഥിതി മാധ്യ മപുരസ്‌കാരം മാധ്യമം കൊടുവള്ളി ലേഖകന്‍ അഷ്‌റഫ് വാവാടിന്.
10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ 21ന് സമ്മാനിക്കും.

പരിസ്ഥിതി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലും പൂനൂര്‍പുഴയുടെ അവസ്ഥ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പരമ്പരയും വാര്‍ത്തകളും പരിഗണിച്ചാണ് അവാര്‍ഡ്. വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സമരങ്ങളിലും പങ്കാളിയായിട്ടുണ്ട്. സംസ്ഥാനത്ത് ജലസാക്ഷരതായജ്ഞം പരിപാടിക്ക് തുടക്കം കുറിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനും പങ്കാളിയാണ്. 2021 ല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് കേരള ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അര്‍ഹനായി. 2000ല്‍ സംസ്ഥാന അഡ്വഞ്ചര്‍ അവാര്‍ഡും 2012 ല്‍ മാപ്പിളപ്പാട്ട് കലാ പരിപോഷണ പ്രവര്‍ത്തനത്തിന് മാപ്പിള കലാഅക്കാദമിയുടെ പുരസ്‌കാരവും,

2019ല്‍ കേരള സാംസ്‌കാരിക പരിഷത്ത് ഏര്‍പെടുത്തിയ മാധ്യമ പ്രവര്‍ത്തകനുള്ള മഹാമത്ജി പുരസ്‌കാരവും അഷ്‌റഫിന് ലഭിച്ചിട്ടുണ്ട്. ഗാനരചയിതാവും മാപ്പിളപ്പാട്ട് ഗവേഷകനുമാണ്. പരിസ്ഥിതി മാധ്യമ അവാര്‍ഡ് വിതരണവും പുഴ ഡോക്യമെന്ററി പ്രദര്‍ശന ഉദ്ഘടനവും സംഗീതവിരുന്നും ഒക്ടോബര്‍ 21ന് വൈകിട്ട് നാല്മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുമെന്ന് സേവ് പൂനൂര്‍പുഴ ഫോറം (എസ് പി പി എഫ്) ഭാരവാഹികളായഫോറം പ്രസിഡണ്ട് പി എച്ച് താഹ, ജന.സെക്രട്ടറി അഡ്വ. കെ പുഷ്പാംഗതന്‍, ട്രഷറര്‍ എ ബാലരാമന്‍ ചെറുകളം എന്നിവര്‍ അറിയിച്ചു.