പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ചാല്‍ വിജയം ഉറപ്പ്: പ്രമുഖ സംരംഭകന്‍ വി പി നന്ദകുമാര്‍

Kozhikode

കോഴിക്കോട്: ബിസിനസ്സില്‍ വിജയിക്കാന്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് സാധ്യമാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് വി പി നന്ദകുമാര്‍.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ചേംബര്‍ ബിസിനസ് ഫോറം മീറ്റ് സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകര്‍ സംഘാടക മികവ് പ്രകടിപ്പിക്കാന്‍ കഴിയുമ്പോഴാണ് ബിസനസ് വിജയിക്കുക. ഏത് സാഹചര്യത്തെയും അതിജീവിക്കാന്‍ ബിസിനസ് കാരന് കഴിയണമെന്ന് ഇ ഡി റെയിഡിനെ അതിജീവിച്ച അനുഭവം പറഞ്ഞ് കൊണ്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കോടിക്കണക്കിന് രൂപ ഇ ഡി ഫ്രീസ് ചെയ്തു. 3 മാസം കൊണ്ട് വ്യാജ പരാതിയാണെന്ന് ഹൈക്കോടതിക്ക് ബോധ്യമായപ്പോള്‍ പണം തിരികെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഭക്ഷണ രുചിയെക്കുറിച്ച് വാചാലനായ നന്ദകുമാര്‍ അടുത്ത വര്‍ഷം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി യുടെ പ്രസിഡന്റ് പദം ഏറ്റെടുക്കുന്ന സന്തോഷവും പങ്കിട്ടു.

60 ഓളം യുവ സംരംഭകര്‍ സംവാദത്തില്‍ പങ്കെടുത്തു. ഏതാനും സംരംഭകരുടെ ചോദ്യങ്ങള്‍ക്ക് നന്ദകുമാര്‍ മറുപടി നല്‍കി. ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, ഇലക്ട് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, മുന്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, ട്രഷറര്‍ ബോബിഷ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.