ഇറാനോടുള്ള പ്രണയം

Opinions

മൊഴി / ഡോ: വിനാദ്കൃഷ്ണന്‍

റാനോടുള്ള എന്റെ ‘അഭിനിവേശ ‘ ത്തെക്കുറിച്ച് സുഹൃത്തുക്കള്‍ ചോദിയ്ക്കുകയുണ്ടായി. ഇറാന്‍ / പേര്‍ഷ്യ എപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ആ സംസ്‌കൃതിയോടുള്ള എന്റെ അഭിനിവേശം ചെറുപ്പം മുതല്‍ ഏറെ ശക്തമായിരുന്നു, 1983ല്‍ കോഴിക്കോട്ട് ഞാന്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു ഡിപ്ലോമ പ്രോഗ്രാം പോലും സംഘടിപ്പിച്ചിരുന്നു. അന്ന് കോഴിക്കോട്ട് ഞാന്‍ നടത്തിയിരുന്ന ശ്രീലേഖ ബുക്ക് സ്റ്റാള്‍ ഇറാനിയന്‍ വിദ്യാര്‍ത്ഥികളുടെ കൂടുതലും ഇറാനിയന്‍ വിമതരുടെ ഒത്തുചേരല്‍ കേന്ദ്രം കൂടിയായിരുന്നു. യൂറോപ്പില്‍ വിദ്യാര്‍ത്ഥിയായിരിക്കെ, പേര്‍ഷ്യന്‍ ഭാഷയിലുള്ള എന്റെ അടിസ്ഥാന പരിജ്ഞാനം കൊണ്ട് ഇറാന്‍കാരെയും താജിക്കുകളെയും (താജിക്കിസ്ഥാനില്‍ നിന്നുള്ളവര്‍. അവരുടെ ഭാഷ പേര്‍ഷ്യന്‍ ഭാഷയുടെ ഒരു വകഭേദമാണ്) വിസ്മയിപ്പിയ്ക്കുമായിരുന്നു.!

ഞാന്‍ താമസിക്കുന്ന വീടിന് ഒരു പേര്‍ഷ്യന്‍ പേരു കൂടിയുണ്ട്. നസാഫറിന്‍. പേര്‍ഷ്യന്‍ ഭാഷയില്‍ ആനന്ദഭവന്‍ എന്നാണ് ഇതിനര്‍ത്ഥം! പേര്‍ഷ്യന്‍ സാഹിത്യം എനിക്ക് സാമാന്യം പരിചിതമായിരുന്നു. ഇറാനിയന്‍ എഴുത്തുകാരന്‍ സാദേഗ് ഹെദായത്ത് എന്റെ പ്രിയപ്പെട്ട ഇറാനിയന്‍ എഴുത്തുകാരിലൊരാളായിരുന്നു. (അദ്ദേഹത്തിന്റെ ബുഫിക്കൂര്‍, കുരുടന്‍ മൂങ്ങ എന്ന പേരില്‍ വിലാസിനി എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു എന്നാണ് ഓര്‍മ) ഇറാന്റെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എനിക്ക് ആ ജനതയെ കൂടുതല്‍ പ്രിയങ്കരമാക്കുകയാണ്. ഒരു പുരുഷ കേന്ദ്രീകൃത ഭരണകൂടത്തെ സ്ത്രീകളാല്‍ നയിയ്ക്കപ്പെടുന്ന ഒരു പ്രസ്ഥാനം ചോദ്യം ചെയ്യുന്ന, മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാന്‍ മാറുകയാണ്. They might not win. But they are creating history!