സംശയങ്ങള്‍ വേട്ടയാടുന്നു; മൗനിയായിരിക്കാന്‍ അവകാശമുണ്ടോ?

Articles

ചിന്ത / എ പ്രതാപന്‍

ദിവസങ്ങളില്‍ പലസ്തീനിനെ കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ കുറ്റബോധം തോന്നാറുണ്ട്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാം. നമ്മുടെ അറിവുകളൊക്കെ നിഷ്‌ക്രിയമാകുന്ന, നമ്മള്‍ നിസ്സഹായരാകുന്ന കാലത്താണ് ജീവിക്കുന്നതെന്ന അറിവ് വേട്ടയാടും. ഇതേ കുറിച്ചെല്ലാം പറയുന്നതും എഴുതുന്നതുമെല്ലാം വ്യര്‍ത്ഥമാണെന്ന് ചിലപ്പോള്‍ തോന്നും. എല്ലാം ആത്മശാന്തിക്ക് വേണ്ടിയുള്ള പാഴ്ശ്രമങ്ങളാണെന്നും . നിശ്ശബ്ദമായിരിക്കാന്‍ തീരുമാനിക്കും. സംശയങ്ങള്‍ വീണ്ടും വേട്ടയാടും. മൗനം പാലിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ? കുട്ടികളടക്കം ആയിരക്കണക്കിന് മനുഷ്യര്‍ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ലോകത്തോട് ഇനി ഒന്നും പറയാനാവില്ല. ആരാണ് ഇനി അവര്‍ക്ക് വേണ്ടി സംസാരിക്കുക?

ഞാന്‍ പ്രിമോ ലെവിയെ ഓര്‍ക്കും. മുമ്പ് എഴുതിയതാണ്. നാസി തടവറയിലെ അവസാന നാളുകളില്‍ താന്‍ കണ്ടുമുട്ടിയ ഒരു കുട്ടിയെ കുറിച്ച് ലെവി എഴുതിയത്. അപ്പോഴേക്കും റഷ്യന്‍ പട്ടാളമെത്തി തടവറകളെ വിമോചിപ്പിച്ചിരുന്നു. ഓഷ്വിറ്റ്‌സ് തടവറയിലേക്ക് സമീപത്തുള്ള ബ്യൂണ കേമ്പ് ഉള്‍പ്പടെയുള്ള ചെറിയ തടവറകളില്‍ ജീവന്‍ ബാക്കിയായവരെ കൊണ്ടുവന്നിരുന്നു. ലെവി എഴുതുന്നു
‘ഹ്യുര്‍ബിനെക് , ആരുമല്ലാത്തവന്‍, മരണത്തിന്റെ കുഞ്ഞ്, ഓഷ്വിറ്റ്‌സിന്റെ കുഞ്ഞ്. ഏതാണ്ട് മൂന്ന് വയസ്സ് തോന്നും, അവനെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല , അവന് സംസാരിക്കാന്‍ ആവതില്ല, ഒരു പേര് പോലുമില്ല, ഹ്യുര്‍ബിനെക് എന്ന വിചിത്രമായ പേര്, അവനുണ്ടാക്കുന്ന അവ്യക്ത ശബ്ദങ്ങളില്‍ നിന്ന് തടവറയിലെ ഏതോ സ്ത്രീ അവന് നല്‍കിയതാണ്. അരയ്ക്ക് കീഴെ അവന്‍ തളര്‍ന്ന് പോയിരുന്നു , രണ്ട് കോലുകള്‍ പോലെ അവന്റെ കാലുകള്‍. അവന്റെ മങ്ങിയ മുഖത്ത് കണ്ണുകള്‍ മാത്രം കത്തി നിന്നു , ആവശ്യപ്പെട്ട് കൊണ്ട്, കുതറിക്കൊണ്ട്, അവനെ ചൂഴ്ന്ന മൗനത്തിന്റെ ശവകുടീരത്തെ ഭേദിക്കാന്‍ ശ്രമിച്ചു കൊണ്ട്. ആരും അവനെ പഠിപ്പിക്കാതെ പോയ , അവനില്ലാതെ പോയ ഭാഷണം , അവന്റെ തുറിച്ചു നോട്ടങ്ങളെ വിസ്‌ഫോടകമായ ഒന്നാക്കി.

പെട്ടെന്ന് ഏതോ സമയത്ത് അവന്‍ ഒരു വാക്ക് ആവര്‍ത്തിച്ച് ഉച്ചരിക്കാന്‍ തുടങ്ങി. മാസ്സ് ക്ലോ എന്നോ മാതിസ്‌ക്ലോ എന്നോ ഏകദേശം തോന്നിപ്പിക്കുന്ന ഒരു വാക്ക്. എപ്പോഴും ഒരേ വാക്കായിരുന്നു എന്നു പോലും ഉറപ്പില്ല , എങ്കിലും ആവിഷ്‌ക്കരിക്കപ്പെട്ട ഒരു വാക്ക്, അല്ലെങ്കില്‍ വ്യത്യസ്ത വാക്കുകള്‍, ഒരേ പ്രമേയത്തിന്റെ , ധാതുവിന്റെ , അല്ലെങ്കില്‍ പേരിന്റെ തന്നെ ആവിഷ്‌ക്കാര ശ്രമങ്ങള്‍. എന്തായിരുന്നു ആ ശബ്ദമെന്ന് തിരിച്ചറിയാന്‍, ആ ശബ്ദകോശത്തെ പിന്തുടരാന്‍ എല്ലാ തടവുകാരും ശ്രമിച്ചു. യൂറോപ്പിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള തടവുകാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ആര്‍ക്കും ആ വാക്കിനെ അറിയാന്‍ കഴിഞ്ഞില്ല. അതൊരു സന്ദേശമോ വെളിപാടോ ഒന്നുമായിരിക്കില്ലെന്ന് ഉറപ്പ്. ഒരു പക്ഷെ അവന്റെ പേരായിരുന്നിരിക്കാം , അവന്റെ ആളുകള്‍ അവനൊരു പേര് കൊടുത്തിരുന്നെങ്കില്‍ ! വിശക്കുന്നുവെന്നോ, അപ്പമെന്നോ പോലും ആയിരിക്കാം. അവന്റെ ശോഷിച്ച കുഞ്ഞു കൈത്തണ്ടയിലും ഓഷ്വിറ്റ്‌സിന്റെ ചാപ്പ കുത്തിയിരുന്നു. 1945 മാര്‍ച്ചിലെ ആദ്യ ദിനങ്ങളൊന്നില്‍ അവന്‍ മരിച്ചു പോയി. വിമോചിതനായിട്ടും വീണ്ടെടുക്കപ്പെടാതെ. അവനെ സംബന്ധിച്ച ഒന്നും ബാക്കിയില്ല. എന്റെ ഈ വാക്കുകളിലൂടെ അവന്‍ സാക്ഷ്യം പറയുന്നു .’

ഇത്തരത്തിലുള്ള എത്രയോ കുഞ്ഞുങ്ങളാണ് ഇപ്പോള്‍ മരിച്ചു കൊണ്ടിരിക്കുന്നത്. അവരെ മരിച്ചു പോകുന്നതില്‍ നിന്നും രക്ഷിക്കാന്‍ ഈ ലോകത്തിന്, അതായത് എനിക്കോ നിങ്ങള്‍ക്കോ കഴിഞ്ഞില്ല. അവരുടെ ഓര്‍മ്മകള്‍ മരിച്ചു പോകാതിരിക്കാന്‍ ആരെങ്കിലും സാക്ഷ്യം പറയണ്ടേ? വിജയികളായ മനുഷ്യര്‍ അവരുടെ ചരിത്രം എഴുതുമ്പോള്‍ അതിന്റെ അടിയില്‍ ഇത്തരം ക്രൂരതകള്‍ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടേ? എന്റെ മകനെ നിങ്ങള്‍ ഇപ്പോഴും എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന ഒരു ചോദ്യം ഒരു കാലത്തെ കുറിച്ചുള്ള ചോദ്യമായി മലയാളികളുടെ മുന്നില്‍ ഇപ്പോഴും ഉണ്ട്. കരുണയില്ലാത്ത ഒരു കാലത്തെ കുറിച്ച്. അങ്ങനെ മഴക്കും മഞ്ഞിനും വെയിലിനുമായി എന്നെന്നേക്കുമായി വലിച്ചെറിഞ്ഞവരെ ഓര്‍ക്കാന്‍, ഓര്‍മ്മിപ്പിക്കാന്‍, ആരെങ്കിലും സാക്ഷ്യം പറയേണ്ടേ ? മരിച്ചു പോയവര്‍ ഭാഷയിലെങ്കിലും ജീവിച്ചിരിക്കേണ്ടേ?