ചിന്ത / കെ കെ സുരേന്ദ്രന്‍
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി നവകേരള സദസ്സിനായി വയനാട്ടിലെത്തുന്നത്. അതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ഊന്നല്‍ നല്‍കുന്ന കാര്യങ്ങളായി പത്രത്തില്‍ കണ്ടത് 3 കാര്യങ്ങളാണ്. തുരങ്കപാത, കോഴിക്കോട്ട് നിന്ന് ചുരമില്ലാത്ത റോഡ്, രാത്രിയാത്രാ നിരോധനം ഒഴിവാക്കല്‍ എന്നിവയാണത്. ഈ മൂന്നു കാര്യങ്ങളും വയനാടിന് ആവശ്യമില്ലാത്തവയാണ്. 5 ചുരങ്ങളും നന്നായി പരിപാലിച്ചാല്‍ വയനാട്ടിലേക്കിനി പുതിയ പാതകളുടെ ഒരാവശ്യവുമില്ല.
ഉത്തരകാശിയില്‍ തുരങ്ക നിര്‍മാണത്തിനിടെ കുടുങ്ങിപ്പോയവര്‍ക്കായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ഈയവസരത്തിലെങ്കിലും തുരങ്ക പാതക്കായുള്ള മുറവിളി നടത്താതിരിക്കാനുള്ള വിവേകം എന്റെ പ്രിയ സുഹൃത്തുക്കളായ സി.കെ.ശശീന്ദ്രനും, വിജയന്‍ ചെറുകരയും കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ വനം വകുപ്പല്ല കര്‍ണാടകയില്‍ എന്നതിനാല്‍ റോഡ് നിരോധനം നീക്കുക എന്ന നിങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ പോകുന്നുമില്ല.
വയനാട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം, കാടുകളിലെ അധിനിവേശ സസ്യങ്ങളുടെ വ്യാപനം, നെല്‍കൃഷി ശോഷണം, കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും സംസ്‌കരണ സാധ്യതയില്ലായ്മയും , മെഡിക്കല്‍ കോളേജിന്റേയും ആശുപത്രികളുടേയും ശോച്യാവസ്ഥ, പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതകള്‍, ആദിവാസികളുടെ ഭൂ പാര്‍പ്പിട ദാരിദ്ര്യവും പോഷകാഹാരക്കുറവും അങ്ങനെ എന്തെല്ലാം. അതിലേക്കു കൂടി ഇടതുപക്ഷ രാഷ്ട്രീയഭരണ നേതൃത്വങ്ങളുടെ ശ്രദ്ധ വേണം എന്ന് ഈ നവകേരള പ്രാദുര്‍ ദിനത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.