അഷറഫ് ചേരാപുരം
ദുബൈ: ഒരൊറ്റ വിസയില്‍ ആറു രാജ്യങ്ങളില്‍ സന്ദര്‍ശിക്കാനുള്ള അവസരം യാഥാര്‍ഥ്യമാവുന്നു. ആറു ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം അടുത്ത രണ്ടുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവുമെന്നാണ് യു.എ.ഇ അറിയിക്കുന്നത്. യു.എ.ഇയുടെ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍മര്‍റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായുള്ള പ്രത്യേക നിയമനിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാമിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍മര്‍റി ഇക്കാര്യം വ്യക്തമാക്കിയത്.
2024നും 2025നുമിടക്ക് ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ നിലവില്‍വരും. ഈയിടെ ഒമാനില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗം ഏകീകൃത വിസ അംഗീകരിച്ചിരുന്നു. ആറ് ഗള്‍ഫ് രാജ്യങ്ങളും ഒരേ വിസയില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന വിധം ഈ രാജ്യങ്ങളുടെ ആഭ്യന്തര സംവിധാനങ്ങള്‍ സജ്ജമാക്കും. അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമനിര്‍മാണവും പൂര്‍ത്തിയാക്കും. പുതിയ വിസാ സംവിധാനം വരുന്നതോടെ യു.എ.ഇയിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹം മുന്‍കണ്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.
ഏഴ് യു.എ.ഇ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് റൂട്ട് എമിറ്റേറ്‌സ് ടൂറിസം കൗണ്‍സില്‍ വികസിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ 837 ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. അതില്‍ 399 എണ്ണം യു.എ.ഇയിലാണുള്ളത്. വിനോദ സഞ്ചാരത്തില്‍ നിന്നുള്ള ജി.സി.സി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ഷം ഏഴ് ശതമാനം ഉയര്‍ത്താന്‍ കൂടി ഏകീകൃത ടൂറിസം വിസ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.