യു എ ഇയുടെ വണ്‍ ബില്യണ്‍ മീല്‍സിന് ലഭിച്ചത് 175 കോടി ദിര്‍ഹം

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: വിശക്കുന്നവന് ഭക്ഷണം എത്തിക്കുക എന്ന മഹത്തായ ദൗത്യം മുന്‍നിര്‍ത്തി യു എ ഇ തുടക്കമിട്ട വണ്‍ ബില്യണ്‍ മീല്‍സിന് ആവേശകരമായ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ആശ്വാസമായി മാറിയ പദ്ധതിയിലേക്ക് സംഭാവനയായെത്തിയത് 175 കോടി ദിര്‍ഹം. അശരണര്‍ക്കും നിരാലംബര്‍ക്കും അന്നമെത്തിക്കുക എന്ന ലക്ഷ്യത്തോടെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചതാണ് വണ്‍ ബില്യണ്‍ മീല്‍ പദ്ധതി.

റമദാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി പ്രഖ്യാപിച്ച പദ്ധതി ലക്ഷ്യത്തിലെത്തിയെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. പദ്ധതിയിലേക്ക് സംഭാവനകളര്‍പ്പിച്ച മുഴുവനാളുകള്‍ക്കും നന്ദിയറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബിസിനസുകള്‍ എന്നിവയുള്‍പ്പെടെ 1.8 ലക്ഷത്തിലധികം ദാതാക്കളില്‍ നിന്നാണ് ഇത്രയും സംഭാവനകള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയില്‍ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പദ്ധതിയിലേക്ക് സംഭാനകള്‍ നല്‍കാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 2020ല്‍ 10 മില്യണ്‍ മീല്‍സ് പദ്ധതിയും 2021ല്‍ 100 മില്യണ്‍ മീല്‍സ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ശതകോടി ഭക്ഷണപൊതികള്‍ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.