കെ ആര്‍ നാരായണന്‍റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

News

പാലാ: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആവശ്യപ്പെട്ടു. കെ ആര്‍ നാരായണന്റെ നൂറ്റിമൂന്നാമത് ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ പ്രതിസന്ധികളോട് പൊരുതി രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തിയ കെ ആര്‍ നാരായണന്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവര്‍ക്കു വഴികാട്ടിയാവാനും കെ ആര്‍ നാരായണന്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി. ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ ആര്‍ നാരായണന് ആദരവ് നല്‍കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, അനൂപ് ചെറിയാന്‍, അഡ്വ ആഷ്മി ജോസ്, ബിനു പെരുമന എന്നിവര്‍ പ്രസംഗിച്ചു.