മലബാര്‍ മില്‍മയുടെ ‘ജീവന്‍’ പദ്ധതി ഉദ്ഘാടനം ചെയ്തു

Kozhikode

കോഴിക്കോട്: മലബാര്‍ മില്‍മയുടെ ‘ജീവന്‍’ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ഡെയറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഗ്രാന്റ് കൈമാറി കോഴിക്കോട് ജില്ലയിലെ ജീവന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാല്‍ സംഭരണം നന്നേ കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിന് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് ‘ജീവന്‍.’ സംഘത്തിന്റെ പ്രവര്‍ത്തന ചിലവ്, ജീവനക്കാരുടെ വേതനം എന്നിവ സുഗമമാക്കുന്നതിനായി മലബാര്‍ മേഖലാ യൂണിയന്‍ പ്രതിമാസം ഒരു നിശ്ചിത സംഖ്യ ഇത്തരം സംഘങ്ങള്‍ക്ക് കൈമാറും. കോഴിക്കോട് ജില്ലയിലെ 42 സംഘങ്ങള്‍ക്ക് ജീവന്‍ പദ്ധതിയിലൂടെ ഗ്രാന്റ് ലഭിക്കും.

‘കരുതലും ക്ഷേമവും’ എന്ന മലബാര്‍ മില്‍മയുടെ വാര്‍ഷിക (2024 -25) ആസൂത്രണ പദ്ധതി ഇതിനോടകം തന്നെ ശ്രദ്ദേയമാണ്. പാല്‍ സംഭരണ വര്‍ദ്ധനവ് ഉള്‍പ്പെടെ ക്ഷീര മേഖലയിലെ എല്ലാ വശങ്ങളും സ്പര്‍ശിച്ചുകൊണ്ടുള്ള പദ്ധതി അടങ്കല്‍ തുകയുടെ വലുപ്പം കൊണ്ടും മികച്ചു നില്‍ക്കുന്നു.

ക്ഷീര കര്‍ഷകര്‍, ക്ഷീര സംഘങ്ങള്‍, സംഘം ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവരെ ചേര്‍ത്തു നിര്‍ത്തുന്ന പ്രവര്‍ത്തനമാണ് മലബാര്‍ മില്‍മ നടത്തുന്നതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ചടങ്ങില്‍ മലബാര്‍ മില്‍മ ഭരണ സമിതിയംഗം പി. ശ്രീനിവാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മില്‍മ ജനറല്‍ മാനേജര്‍ എന്‍.കെ. പ്രേംലാല്‍ പദ്ധതി വിശദീകരണം നടത്തി. മില്‍മ ഭരണ സമിതിയംഗം കെ.കെ.അനിത, മലബാര്‍ മില്‍മ ഭരണ സമിതിയംഗം പി.ടി. ഗിരീഷ് കുമാര്‍, മാനേജര്‍ പി&ഐ ഐ.എസ്. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.