അയാള്‍ അധിശ പൊതുബോധത്തിന്‍റെ തടവുകാരനാണ്

Opinions

ചിന്ത / ഡോ: ആസാദ്

രാളുടെ ശരീരത്തില്‍ തൊട്ടു സംസാരിക്കാന്‍ ഒരുപാട് തടസ്സങ്ങളുണ്ട്. അദൃശ്യമായ അനേകം വ്യവഹാര വലയങ്ങളെ കടന്നുവേണം ഒരാളെ സ്പര്‍ശിക്കാന്‍. ഇണകള്‍ക്കുപോലും ഏതുസമയത്തും ഏതു സ്പര്‍ശവും സഹിക്കാന്‍ കഴിയണമെന്നില്ല. ഒരാളിലെ വിചാര വികാര അനുഭൂതികളുടെ തരംഗ ഘടനകള്‍ അയാളെ സ്പര്‍ശിക്കുന്നവര്‍ അതേപടി മനസ്സിലാക്കും എന്നു കരുതുക വയ്യല്ലോ. അപ്പോള്‍ സൗമ്യമോ തീഷ്ണമോ ആയ തിരസ്‌കാരങ്ങളുണ്ടാകാം. അതു പിണക്കമോ ശത്രുതയോ ഉണ്ടാക്കാം. അത് അതിവേഗം മാറുകയോ മാറാതിരിക്കുകയോ ചെയ്യാം.

വളരെ സ്വാഭാവികമെന്നവിധം (ഔപചാരികമല്ലാത്ത ഒരു പത്രസമ്മേളനത്തില്‍) സുരേഷ് ഗോപി ഒരു മാദ്ധ്യമ പ്രവര്‍ത്തകയുടെ ചുമലില്‍ കൈവെക്കുന്നതും മാദ്ധ്യമ പ്രവര്‍ത്തക പിറകോട്ടു മാറിയും കൈ എടുത്തു മാറ്റിയും എതിര്‍പ്പു പ്രകടിപ്പിക്കുന്നതും നാം കണ്ടു. സുരേഷ്‌ഗോപി അവിടെ ഒരക്രമമാണ് താന്‍ ചെയ്യുന്നതെന്ന് അറിയുന്നേയില്ല. അയാള്‍ അധീശ പൊതുബോധത്തിന്റെ തടവുകാരനാണ്. എന്നാല്‍ മാദ്ധ്യമ പ്രവര്‍ത്തകയില്‍ ആണധീശ പൊതുബോധത്തിനെതിരെ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഒരു സ്ത്രീയുണ്ട്. അവര്‍ക്ക് സ്വകാര്യമോ പരസ്യമോ ആയ, പരോക്ഷമോ പ്രത്യക്ഷമോ ആയ, ഭാഷയിലോ സ്പര്‍ശത്തിലോ ഉള്ള ഒരു കടന്നുകയറ്റവും ക്ഷമിക്കാനാവില്ല. അത് അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.

വാസ്തവത്തില്‍ ഇത് എല്ലാ മനുഷ്യരിലും നിരന്തരം സംഭവിക്കുന്ന ഏറ്റുമുട്ടലാണ്. സാക്ഷരത തോറ്റുപോകുന്ന സംവേദന ഇടങ്ങള്‍ ധാരാളമാണ്. എങ്ങനെ, എപ്പോള്‍ തൊടാം, എങ്ങനെയാണ് സമ്മതം അറിയുകയോ അറിയിക്കുകയോ ചെയ്യുക, എങ്ങനെയാണ് പൊതുബോധ ശീലങ്ങളിലെ ജീര്‍ണാധികാരക്കറ മാറ്റിയെടുക്കുക, ഭാഷയിലെയും സ്പര്‍ശത്തിലെയും ജാതി വംശ ലിംഗ വര്‍ണ വേര്‍തിരിവുകളും വിവേചനങ്ങളും എങ്ങനെ പൂര്‍ണമായി മാറ്റാം തുടങ്ങി സങ്കീര്‍ണമായ ആലോചനകളിലൂടെ കടന്നുപോകുന്നുണ്ട് നാം. അവയുടെ ചെറുതും വലുതുമായ പൊട്ടിത്തെറികള്‍ ധാരാളമുണ്ടാവും.

ആധുനിക വ്യക്തിയിലെ ഈ പ്രതിസന്ധി, ആണധീശാധികാര പൊതുബോധവും തുല്യജീവിതാവബോധ ഉണര്‍വ്വുകളും തമ്മിലുള്ള സംഘര്‍ഷം കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട തര്‍ക്കവിഷയമല്ല. അതില്‍ക്കവിഞ്ഞ മാനമുണ്ടതിന്. ചുമലില്‍ കൈയിടുക എന്നതു സൗമ്യ സൗഹൃദത്തിന്റെ അടയാളമാകുന്നത് തിരിച്ചും ചുമല്‍ കാണിച്ചു കൊടുക്കുമ്പോള്‍ മാത്രമാണ്. ഇല്ലെങ്കില്‍ അത് ദുഷിച്ച അധികാര പ്രയോഗമാണ്. മാദ്ധ്യമ പ്രവര്‍ത്തകയുടെ സ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകനാണെങ്കിലും അത്തരം അധികാരപ്രയോഗം ആശാസ്യമല്ല. ബോധപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും തിരുത്തേണ്ട തെറ്റാണത്.

മാറുന്ന സമൂഹം ഇത്തരം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകും. ഈ സംഘര്‍ഷങ്ങളുടെ ആഴമറിയാതെ ചിലരെങ്കിലും മേല്‍പ്പരപ്പില്‍ തങ്ങളുടെ കൊടിവെച്ച തോണികള്‍ ഒഴുക്കി കളിക്കുന്നത് കാണുന്നു. അത്ര ലളിതമല്ല വിഷയം. ഈ സംഘര്‍ഷം നമുക്കു പുറത്തു നടക്കുന്നതും അവിടെ തീരുന്നതുമല്ല.