ജനവിരുദ്ധ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കത്തിച്ചു പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

News

കൊച്ചി: ജനവാസമേഖലകളും കൃഷിയിടങ്ങളും ബഫര്‍സോണില്‍പെടുത്തി വനവല്‍ക്കരണം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാരിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സംസ്ഥാനത്തുടനീളം കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി സി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു.

ബഫര്‍സോണ്‍ ലക്ഷ്യം വെയ്്ക്കുന്നത് ഭാവിയിലെ വനമാണെന്നിരിക്കെ കോടതി വിധിയിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതറിയണമെങ്കില്‍ ബഫര്‍സോണിലെ കടുത്ത നിയന്ത്രണ നിരോധന നിബന്ധനകളെക്കുറിച്ച് പ്രദേശവാസികള്‍ പഠിക്കണം. ബഫര്‍സോണിന്റെ പേരില്‍ വനാതിര്‍ത്തി വിട്ടുള്ള യാതൊരു കൃഷിഭൂമി കയ്യേറ്റവും ജനങ്ങള്‍ അനുവദിക്കരുത്. ഉപഗ്രഹസര്‍വ്വേയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചില പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തത് ബോധപൂര്‍വ്വമാണ്. സര്‍ക്കാരിന്റെ രേഖകളില്‍ അവ ഇതിനോടകം തന്നെ വനമാണോയെന്ന് പ്രദേശവാസികള്‍ അന്വേഷിച്ചറിയണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ 115 പഞ്ചായത്തുകളിലെ 1000 കേന്ദ്രങ്ങളില്‍ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിക്കാന്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് കര്‍ഷക സംഘടനകളോടും പ്രദേശവാസികളോടും അഭ്യര്‍ത്ഥിച്ചു.

ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വൈസ് ചെയര്‍മാന്‍മാരായ മുതലാംതോട് മണി, മനു ജോസഫ്, ഡിജോ കാപ്പന്‍, ജോയ് കൈതാരം, ജോര്‍ജ് ജോസഫ് തെള്ളിയില്‍, അഡ്വ. ജോണ്‍ ജോസഫ്, ഭാരവാഹികളായ ജിന്നറ്റ് മാത്യു, ജോര്‍ജ് സിറിയക്, ആയാപറമ്പ് രാമചന്ദ്രന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, സി. ടി. തോമസ്, സണ്ണി ആന്റണി, സിറാജ് കൊടുവായൂര്‍, പി. ജെ. ജോണ്‍ മാസ്റ്റര്‍, സുനില്‍ മഠത്തില്‍, നൈനാന്‍ തോമസ്, ഡി.കെ. റോസ് ചന്ദ്രന്‍, ഔസേപ്പച്ചന്‍ ചെറുകാട്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, സണ്ണി തുണ്ടത്തില്‍, ഹരിദാസ് കല്ലടിക്കോട്, ഏനു പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *