ബേപ്പൂര്‍ ബീച്ചിന്‍റെ സൗന്ദര്യം ആസ്വദിക്കാം ഒപ്പം മലബാറിന്‍റെ വിഭവങ്ങളുടെ രുചിയും

News

കോഴിക്കോട്: ബേപ്പൂരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഇനിമുതല്‍ മലബാറിന്റെ വിഭവങ്ങളുടെ രുചിയും നുണയാം. കെ ടി ഡി സി ഒരുക്കിയ ഫുഡ് ട്രക്കിലെ ഭക്ഷണശാലയില്‍ നിന്നുമാണ് മലബാറിന്റെ രുചികരമായ വിഭവങ്ങള്‍ ലഭിക്കുക. ബേപ്പൂരിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് ട്രക്ക് ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫുഡ് ട്രക്ക് സ്ഥാപിക്കാന്‍ കെ ടി ഡി സി സമര്‍പ്പിച്ച പദ്ധതി പ്രകാരം നിര്‍മാണത്തിന് 30 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കെ ടി ഡി സിക്കാണ് ഫുഡ് ട്രക്കിന്റെ നിര്‍മാണ ചുമതല. ഭരണാനുമതി ലഭിച്ചത് മുതല്‍ ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഇതോടെ ബേപ്പൂരിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും വിവിധ തരത്തിലുള്ള ഭക്ഷണവും കൊടുക്കാന്‍ സാധിക്കും.

സംസ്ഥാനമാകെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന ബേപ്പൂര്‍ ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് ട്രക്ക് സ്ഥാപിക്കുന്നതെന്ന് മണ്ഡലത്തിന്റെ പ്രതിനിധി കൂടിയായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.