എലിക്കുളം സമ്പൂര്‍ണ യു3എ ഗ്രാമപഞ്ചായത്ത്; വൈസ് ചാന്‍സലര്‍ പ്രഖ്യാപനം നടത്തി

Kottayam

കോട്ടയം: ജില്ലയിലെ എലിക്കുളം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ യ3എ പഞ്ചായത്തായി പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്‍മാരെ ജീവിതത്തിന്റെ ആഹഌദകരമായ മൂന്നാം ഘട്ടത്തിലേക്ക് നയിക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജിന്റെ യു3എയുടെ മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഘടകത്തിനു കീഴിലുള്ള പ്രവര്‍ത്തനം എല്ലാ വാര്‍ഡുകളിലും സജീവമാക്കിയതിനെത്തുടര്‍ന്നാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി മാറിയത്.

സര്‍വകലാശാലാ അസംബ്ലി ഹാളില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ(ഐ.യു.സി.ഡി.എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സംഗമത്തോടനുബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ 104 യു3എ യൂണിറ്റുകള്‍ക്ക് രജിസ്‌ട്രേഷനും നല്‍കി.

ഐ യു സി ഡി എസ് ഡയറക്റ്റര്‍ പ്രഫ. പി ടി ബാബുരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എ. ജോസ് മുഖ്യപ്രഭാഷണവും യു3എ മെന്റര്‍ ഡോ. സി. തോമസ് എബ്രഹാം ആമുഖ പ്രഭാഷണവും നടത്തി.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ടോണി തോമസ്, ഐ.ക്യു.എ.സി ഡയറക്ടര്‍ പ്രൊഫ. റോബിനെറ്റ് ജേക്കബ്, എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി,ഡോ. ഗ്രേസമ്മ മാത്യു, അഡ്വ. ഗീത സരസ്, ഡോ. ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യു3എ അംഗങ്ങളുടെ കലാകായിക പരിപാടികള്‍ നടന്നു.