കാഴ്ച പരിമിതര്‍ക്കുള്ള ഡോട്ട് പാഡ് പരിചയപ്പെടുത്തി മുഹമ്മദ് ഇഖ്ബാല്‍

Gulf News GCC UAE

അഷറഫ് ചേരാപുരം

ദുബൈ: കാഴ്ച പരിമിതര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ അറിവും അനുഭവവും നേടാനുള്ള സൗകര്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവൃത്തിക്കുന്ന മുഹമ്മദ് ഇഖ്ബാല്‍ അസ്സം. കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള സ്മാര്‍ട്ട് സ്പര്‍ശന ഗ്രാഫിക്‌സ് ഡിസ്‌പ്ലേയാണ് അദ്ദേഹം പരിചയപ്പെടുത്തുന്ന ഉപകരണം. ദൃശ്യ ഉള്ളടക്കം ഉള്‍പ്പെടെ കാഴ്ച പരിമാതര്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്നതാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ തയാറാക്കപ്പെട്ട ഡോട്ട് പാടിന്റെ പ്രത്യേകത. ഡോട്ട് പാഡ് ബ്രെയില്‍ ലിപിയും സ്പര്‍ശിക്കുന്ന ഗ്രാഫിക് വിവരങ്ങളും തത്സമയം നല്‍കുന്നുണ്ട്. നിലവില്‍ ബ്രെയില്‍ ഉപകരണങ്ങള്‍ക്ക് ടെക്സ്റ്റ് മാത്രമേ ഔട്ട്പുട്ട് ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാല്‍ ഡോട്ട് പാഡ് ബ്രെയിലിയും ചിത്രങ്ങളും ഒരേസമയം നല്‍കുന്നുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ ഇത് സപ്പോര്‍ട്ടാണ്. സൗത്ത് കൊറിയക്കാരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

കാഴ്ച പരിമിതര്‍ക്ക് കൈയക്ഷരം, ഗ്രാഫുകള്‍, സമവാക്യങ്ങള്‍, ഫോട്ടോകള്‍, പ്രമാണങ്ങള്‍, കല, സ്‌കെച്ചുകള്‍ എന്നിവയെല്ലാം അനുഭവിക്കാന്‍ കഴിയും. പഠനത്തിനും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം ഇതിന്റെ ഉപയോഗം സഹായകമാവും. ഡോട്ട് പാഡിന് കണക്റ്റുചെയ്ത ഉപകരണത്തിലെ ഏത് ഇന്‍പുട്ടും തല്‍ക്ഷണം സ്പര്‍ശിക്കുന്ന ഗ്രാഫിക്കാക്കി മാറ്റാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഡോട്ട് പാഡിലെ പിക്‌സല്‍ പോലുള്ള ഫോര്‍മാറ്റില്‍ 2,400 ഓളം പിന്നുകള്‍ ഉണ്ട്. അവ മുകളിലോ താഴെയോ സ്ഥാനങ്ങളില്‍ സജ്ജീകരിക്കാം. ഇവയാണ് തിരിച്ചറിയാവുന്ന ആകൃതികളോ ബ്രെയില്‍ അക്ഷരങ്ങളോ ഉണ്ടാക്കുന്നത്. ഇതിന്റെ ഉപയോഗം പരിചയപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ദുബൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഇഖ്ബാല്‍. നേരത്തെ ബ്രെയിലി ലിപിയിലെ ഖുര്‍ആന്‍ പഠനം, ബധിരര്‍ക്കുള്ള ആംഗ്യഭാഷാ പുസ്തകം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.