ഉപജില്ലാ ശാസ്ത്ര മേള; വിജയപ്രഭയില്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: മീനങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സബ് ജില്ലാ സ്‌കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച് അസംഷനിലെ വിദ്യാര്‍ത്ഥികള്‍. എല്‍ പി വിഭാഗം ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവയില്‍ ഓവറോളും പ്രവൃത്തി പരിചയമേളയില്‍ നാലാം സ്ഥാനവും നേടി. അതോടൊപ്പം യു പി വിഭാഗം സാമൂഹ്യ ശാസ്ത്രമേള, ശാസ്ത്രമേള ഐ. ടി മേള എന്നിവയില്‍ ഓവറോളും പ്രവര്‍ത്തി പരിചയമേളയില്‍ മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.

എല്‍ പി, യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സബ് ജില്ലാ തലം വരെ മാത്രമേ മത്സരങ്ങളുള്ളൂ എന്നിരിക്കെ സുല്‍ത്താന്‍ ബത്തേരി ഉപ ജില്ലയിലെ അറുപതോളം സ്‌കൂളുകളുമായി മാറ്റുരച്ചായിരുന്നു ഈ വിജയം കരസ്ഥമാക്കിയത് എന്നത് ശ്രദ്ധേയമാണ്.

വിജയികളായ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജോസഫ് പരുവമ്മേ ലില്‍ നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബിന്റെ നേതൃത്വത്തില്‍ കര്‍മ്മനിരതരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ വിജയമാണിത് എന്ന് അനുമോദനയോഗത്തില്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് അഭിപ്രായപ്പെട്ടു.

പി ടി എ പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, എം പി ടി എ പ്രസിഡന്റ് ശ്രീജ ഡേവിഡ്, അസംപ്ഷന്‍ ഹൈ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനു തോമസ്, സീനിയര്‍ അസിസ്റ്റന്റ് ബിജി വര്‍ഗീസ്, ബീന മാത്യു എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു സംസാരിച്ചു.