ഹിംസയുടെ ഭാവവും ഭാഷയുമുള്ള എസ് എഫ് ഐ നേതാക്കള്‍

Opinions

ചിന്ത / ഡോ: ആസാദ്

രു വോട്ടിനു ജയിച്ചവര്‍ വീണ്ടും എണ്ണണം വോട്ടുകളെന്ന് ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ആദ്യമാവണം. വിജയത്തിന് കൂടുതല്‍ വ്യക്തത വേണമെന്ന വിജയിയുടെ ആദര്‍ശ ശുദ്ധി വിസ്മയകരമാണ്. ഇന്നത്തെ ദേശാഭിമാനി വായിച്ചപ്പോഴാണ് കേരളവര്‍മ്മ കോളേജില്‍ നടന്നത് അത്ര വിശുദ്ധവും ആദര്‍ശാത്മകവുമായ ഒരു കാര്യമാണെന്ന് മനസ്സിലായത്.

ചെയര്‍മാന്‍ സീറ്റിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിക്ക് 897 ഉം കെ എസ് യു സ്ഥാനാര്‍ത്ഥിക്ക് 896ഉം വോട്ടുകളാണ് ലഭിച്ചിരുന്നതത്രെ. എന്നിട്ടും എസ് എഫ് ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വോട്ടിന് തോല്‍ക്കുന്നവരാണ് വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുക. കേരളവര്‍മ്മയില്‍ തിരിച്ചാണത്രെ നടന്നത്. ജയിച്ചിട്ടും മതിയായില്ല. ഒരു വോട്ടിന്റെ ഭൂരിപക്ഷമൊക്കെ മാറി മറിയാമല്ലോ എന്ന ഭയമുണ്ടായില്ല! ഒരു വോട്ടിന്റെ ഭൂരിപക്ഷം പത്ത് വോട്ടിന്റേതാക്കി വിജയത്തിന് തിളക്കമേറ്റി! എസ് എഫ് ഐയുടെ ഈ ധാര്‍മ്മികത ആരും കാണുന്നില്ലേ?

ഇതാണ് എസ് എഫ് ഐക്കും ദേശാഭിമാനിക്കും അവരെ നയിക്കുന്ന പ്രസ്ഥാനത്തിനും വന്ന മാറ്റം. എന്തും പറയാനും ചെയ്യാനുമുള്ള അറപ്പില്ലായ്മ. ഞങ്ങള്‍ പറയുന്നതാണ് ശരി, ഞങ്ങള്‍ പറയുന്നതേ ശരിയാവൂ എന്ന അടിച്ചേല്‍പ്പിക്കല്‍ രീതികള്‍ കൊള്ളാം. ഇതാണ് പല കോട്ടകളെയും നിലംപരിശാക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. എഴുപതുകളിലും എണ്‍പതുകളുടെ ആദ്യത്തിലും കേരളത്തിലെ കോളേജുകളില്‍ കെ എസ് യു ഈ നിലവാരത്തിന് അടുത്തായിരുന്നു. അതാണവരുടെ തകര്‍ച്ചക്ക് ഹേതുവായത്. ഇപ്പോള്‍ പഴയ പോരാളികള്‍ ദുരധികാരത്തിന്റെ മൂര്‍ത്തികളായി വരാനിരിക്കുന്ന ദുരന്തത്തിന് കാത്തു നില്‍ക്കുകയാണ്. പല കോട്ടകളും ഇടിഞ്ഞു തുടങ്ങുന്നത് വെറുതെയല്ല.

ചാനല്‍ ചര്‍ച്ചകളില്‍ എസ് എഫ് ഐ നേതാക്കള്‍ കാണിക്കുന്ന അസഹിഷ്ണുതയും കടന്നാക്രമണവും അവരുടെ ഇന്നത്തെ നില വ്യക്തമാക്കുന്നു. സൗമ്യമായും ജനാധിപത്യ മര്യാദകളോടെയും പൊതു സമൂഹത്തിനു മുന്നില്‍ സംസാരിക്കുന്നവരും അനീതികളോട് വിട്ടുവീഴ്ച്ചയില്ലാതെ ശബ്ദമുയര്‍ത്തി കലഹിക്കുന്നവരുമായിരുന്നു മുമ്പൊക്കെ എസ് എഫ് ഐ നേതാക്കള്‍. എന്നാല്‍ ഇപ്പോള്‍ ഹിംസയുടെ ഭാവവും ഭാഷയുമേയുള്ളു. അത് ഗുണകരമാണോ എന്ന് അവരില്‍ വിവേകമുള്ളവര്‍ ചിന്തിക്കട്ടെ.