ഓടുവച്ച മേല്‍ക്കൂരകള്‍ എന്തിന്‍റെ സൂചകമാണ്?

Opinions

ചിന്ത / ജോസ് സെബാസ്റ്റ്യന്‍

ടുത്തകാലത്ത് ഒരു ആവശ്യവുമായി കണ്ണൂര്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ബന്ധുക്കളുമായി പോയി. പരിസരങ്ങള്‍ ഒക്കെ കുറേനേരം ഓടുന്ന കാറില്‍ ഇരുന്ന് കണ്ടതിനുശേഷം ഞാന്‍ ഒരു നിരീക്ഷണം നടത്തി ‘ഇവിടെയൊക്കെ എല്ലായിടത്തും ഓടിട്ട വീടുകളും കെട്ടിടങ്ങളുമാണല്ലോ’ മലപ്പുറം ജില്ലക്കാരനായ എന്റെ സഹോദരീ ഭര്‍ത്താവിന്റെ അനുജന്‍ പാപ്പച്ചന്‍ ഉടന്‍ പറഞ്ഞു ‘മലപ്പുറം ജില്ലയില്‍ ഒരിടത്തും ഓടുമേഞ്ഞ കെട്ടിടങ്ങള്‍ കാണുകയില്ല’. പാപ്പച്ചന്‍ പറഞ്ഞതില്‍ കുറച്ച് അതിശയോക്തി ഉണ്ടെങ്കിലും വളരെ കൃത്യമായ ഒരു നിരീക്ഷണമാണ് അയാള്‍ നടത്തിയത്. 1921ലെ മാപ്പിള കലാപത്തില്‍ തകര്‍ന്നുതരിപ്പണമായ ഏറനാട്, വള്ളുവനാട് താലൂക്കുകളാണ് ഇന്നത്തെ മലപ്പുറം ജില്ല. എന്റെ പിതാവ് കുടിയേറിയ കോണൂര്‍ക്കണ്ടി മലപ്പുറം ജില്ലയിലാണ്. ഞാന്‍ 30 വര്‍ഷം ജീവിച്ചത് മുസ്ലിങ്ങളുടെ ഇടയിലാണ്.

ഇന്നത്തെ മലപ്പുറം ജില്ലയില്‍ 100 വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ ഉയര്‍ത്തെഴുന്നേല്‍പ് ലോകത്തിനുതന്നെ ഒരു മാതൃക ആണ്. വ്യക്തിപരമായ അച്ചടക്കം ഉള്ള കഠിനാധ്വാനികള്‍ ആയ മുസ്ലിങ്ങള്‍. അന്നൊന്നും മദ്യപാനം അവരുടെ ഇടയില്‍ ഇല്ല. റംസാന്‍ നോയമ്പ് നോക്കാത്തവരെ മത്തിമാല അണിയിക്കുമായിരുന്നു. ഗള്‍ഫ് അവര്‍ക്കു അവസരങ്ങളുടെ ഒരു കവാടം തുറന്നു. അവര്‍ അത് പരമാവധി പ്രയോജനപ്പെടുത്തി. അറബികളുടെ വീടുകളില്‍ അവര്‍ക്കു പ്രവേശനം ഉണ്ടായിരുന്നതുമൂലം വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലാത്ത ആയിരങ്ങള്‍ അറബികളുടെ വീടുകളില്‍ പാചക സഹായികളും, വാല്യക്കാരുമായി ജോലി ചെയ്തു. കിട്ടുന്ന എന്ത് ജോലിയും ചെയ്ത് നാട്ടിലേക്ക് പണം എത്തിച്ചു. ഓട് മേഞ്ഞ വീടുകളും കെട്ടിടങ്ങളും ഒക്കെ കോണ്‍ക്രീറ്റ് ലേക്ക് മാറി. റോഡുകളും വാണിജ്യ കേന്ദ്രങ്ങളും ഒക്കെ വികസിച്ചു.

നേരെ മറിച്ച് വടകര മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ സംഭവിച്ചത് എന്ത്? കര്‍ഷക സമരങ്ങളുടെയും ജന്മിമാരെ വെട്ടിക്കൊന്നതിന്റെയും പുരാണങ്ങളില്‍ അഭിരാമിച്ച് ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യം തടഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളിനിന്നു പുറത്തിറങ്ങിയവര്‍ പോലും പാര്‍ട്ടി മനസ്സില്‍ സൃഷ്ടിച്ച മൂല്യങ്ങളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും മോചിതരായില്ല. അദ്ധ്വാനത്തെ മിച്ചമൂല്യത്തിന്റെ ചൂഷണമായി കണ്ടവര്‍ക്കു നല്ല അധ്വാനികള്‍ ആവാന്‍ കഴിഞ്ഞില്ല. നാട്ടില്‍ ഒരുവിധ സംരംഭങ്ങളും ഉയരാന്‍ സമ്മതിച്ചില്ല. ഏതോ ഒരു സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബാ മുകുന്ദനെപ്പോലുള്ള മനോഭാവം ഉള്ളവര്‍ ആയിരുന്നു ഗള്‍ഫില്‍ ഒക്കെ കുടിയേറിയ ചുരുക്കം ചിലര്‍. ഫലം എവിടെ നോക്കിയാലും അവികസനത്തിന്റെ ലക്ഷണങ്ങള്‍. എവിടെ നോക്കിയാലും ഓട് മേഞ്ഞ വീടുകളും കെട്ടിടങ്ങളും. മലപ്പുറം ജില്ലയിലെ റോഡുകളില്‍ കാറുകള്‍ തിങ്ങി നിറഞ്ഞു ഓടുമ്പോള്‍ ഈ പ്രദേശങ്ങളില്‍ കാറുകള്‍ കുറവ്.

ജനങ്ങളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു കെട്ടഴിച്ചു വിടുന്ന സമൂഹങ്ങളും വാചാടോപങ്ങളില്‍ കെട്ടിയിടുന്ന സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസം.