ഫലസ്തീന്‍ വിഷയത്തില്‍ ധൃതിപിടിച്ച് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത് എന്തു താല്‍പര്യത്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം: എം വി ശ്രേയസ് കുമാര്‍

Kozhikode

കോഴിക്കോട്: ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിന് ധൃതിപിടിച്ച് പിന്തുണ പ്രഖ്യാപിച്ചത് എന്തു താല്‍പര്യത്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയസ് കുമാര്‍ ആവശ്യപ്പെട്ടു. ഫലസ്തീനില്‍ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന കൊടും ക്രൂരതയും മനുഷ്യക്കുരുതിയും ഉടന്‍ അവസാനിപ്പിക്കാന്‍ യു എന്‍ രക്ഷാ സമിതി ഇടപെടണമെന്ന് എം വി ശ്രേയസ് കുമാര്‍ ആവശ്യപ്പെട്ടു.

ചേരിചേരാ നയത്തില്‍ അധിഷ്ഠിതമായി ഇന്ത്യ തുടര്‍ന്നുവന്ന നയങ്ങളെ അട്ടിമറിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഇന്ത്യയുടെ വിദേശ നയത്തിന് കളങ്കമായി മാറിയതായും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനങ്ങള്‍ക്കൊപ്പം ഞങ്ങളും’ എന്ന സന്ദേശം ഉയര്‍ത്തി രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി നവംബര്‍ പത്താം തീയതി കോഴിക്കോട് ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുമെന്ന് എം വി ശ്രേയസ് കുമാര്‍ അറിയിച്ചു.