ഞാന്‍, കവിതയില്‍ ഗിമ്മിക്‌സ് കാണിച്ചിട്ടില്ല, പ്രസിദ്ധനാകാന്‍ സൂത്രങ്ങള്‍ പ്രയോഗിച്ചിട്ടില്ല, ദളിത് ഓറിയന്‍റഡ് അല്ല, ഒരു പാര്‍ട്ടിയുടെയും ആശ്രിതനുമല്ല

Articles

ചിന്ത / എസ് ജോസഫ്

What is life after death ? അങ്ങനെയൊരു ജീവിതം ഉണ്ടോ? ഈ വിഷയത്തില്‍ മനുഷ്യര്‍ പണ്ടേ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമിയിലെ ജീവിതത്തിനുശേഷം നിത്യമായ ഒരു ജീവിതമുണ്ടെന്ന് ക്രിസ്തുമതം പറയുന്നു. അതുകൊണ്ട് ഇവിടെ ഒരു നല്ല ജീവിതം നയിക്കണമെന്നാണ് പറയുന്നത്. ഖുറാനിലും സ്വര്‍ഗത്തെപ്പറ്റി പറയുന്നുണ്ട്. പുനര്‍ജന്മം ഉണ്ടെന്നും ഒടുവില്‍ മോക്ഷം ലഭിക്കും എന്ന് ഹിന്ദുമതം. തുഷിക സ്വര്‍ഗത്തില്‍ എത്തുമെന്ന് ബുദ്ധമതം. ഈജിപ്റ്റുകാര്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നു. അവര്‍ മരിച്ചവരുടെ പുസ്തകം പോലും എഴുതി. ഗില്‍ഗമേഷ് എന്ന ബാബിലോണിയന്‍ ഇതിഹാസത്തില്‍ മരണാനന്തരജീവിതത്തെപ്പറ്റി ഗില്‍ഗമേഷ് ചോദിക്കുന്നുണ്ട്. സോളാരീസ് എന്ന തര്‍ക്കോഫ്‌സ്‌കി സിനിമയില്‍ മരണാനന്തര ജീവിതം ഉണ്ട്.

ഞാന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ നശിച്ചാലും ഒരിക്കലും നശിക്കാതെ ഏതെങ്കിലും രൂപത്തില്‍ ഭൂമിയില്‍ ഉണ്ടാകും എന്ന് കരുതാന്‍ ന്യായമുണ്ട്. അതില്‍ സന്തോഷിച്ചിട്ട് കാര്യമില്ല. വഴിയില്‍ വെയിലേറ്റു കിടക്കുന്ന ഒരു കാക്കച്ചിറക് എന്ന് കരുതിയാല്‍ മതി.

എന്നാല്‍ മരണാനന്തരം എന്റെ കവിതകളില്‍ ചിലതെങ്കിലും ജീവിച്ചേക്കാം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം ഒന്നും എനിക്ക് അറിഞ്ഞുകൂടാ. എന്റെ കവിതകള്‍ സാധാരണ കവിതകള്‍ ആണ്. കൂടുതലും പാവപ്പെട്ടവരുടെ മലയാളം ആണതിലുളളത്. പട്ടിത്താനവും ഒരു കേരളം മുഴുവനും അവയില്‍ ജീവിക്കുന്നു. കാലാകാലങ്ങളായി തകര്‍ന്ന, പുറന്തള്ളപ്പെട്ട മനുഷ്യരുടെ വേദനകള്‍ പരിഹൃതമാകുന്ന കാലം വരെ ചില കവിതകള്‍ നിന്നേക്കാം. പക്ഷേ ഉറപ്പൊന്നുമില്ല. എനിക്കൊട്ടും തന്നെ ഉറപ്പില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന കാലത്ത് അനുഭവിച്ച അവഗണനകള്‍ അത്ര വലുതാകയാല്‍ അതിനൊരു പരിഹാരം എന്ന നിലയില്‍ മരണാനന്തരം എന്നെ ചിലരെങ്കിലും ഓര്‍ക്കുമെന്ന് ഞാന്‍ കരുതുന്നു. ചുമ്മാ കരുതുന്നു. ഞാന്‍ കവിതയില്‍ ഗിമ്മിക്‌സ് ഒന്നും കാണിച്ചിട്ടില്ല. പ്രസിദ്ധനാകാന്‍ വേണ്ടി സൂത്രങ്ങള്‍ പ്രയോഗിച്ചിട്ടില്ല. ബുദ്ധിയുണ്ടെങ്കിലും ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചിട്ടില്ല. ഒരു പാര്‍ട്ടിയുടേയും ആശ്രിതനല്ല. എനിക്ക് എല്ലാ മനുഷ്യരേയും ഇഷ്ടമാണ്. ദളിത് ഓറിയന്റഡ് അല്ല. എനിക്ക് കവിതയില്‍ ശിഷ്യഗണങ്ങള്‍ ഇല്ല. മാധ്യമങ്ങളില്‍ എനിക്ക് കൂട്ടുകാരില്ല. അധികാര ലോകത്ത് എങ്ങും ബന്ധുക്കള്‍ ഇല്ല. എനിക്ക് സംസാരിക്കാനറിയില്ല. മരണത്തോടെ എല്ലാ ജീവികളുടേയും ജീവന്‍ നഷ്ടപ്പെടുന്നു. ആത്മം ( Self ) ചിത്ത്, സത്ത എന്നതെല്ലാം മരണത്തോടെ ഇല്ലാതാകുന്നു. പിന്നെ ജഡവും ജീര്‍ണതയും മാത്രം. ജീര്‍ണത എന്നത് പരിണാമം ആണ്. രൂപാന്തരം ആണ്. ജീവന്‍ ശരീരത്തില്‍ നിലച്ചു. ജീവിതം തീര്‍ന്നു. കലാസൃഷ്ടികള്‍, കവിതകള്‍, കഥകള്‍ എന്നിവയില്‍ കുറേയെണ്ണം അതിജീവിക്കാം.

വിമാനത്തില്‍ ഒരുമിച്ചു പോരുമ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: നമ്മള്‍ ഈ വിമാനം അപകടപ്പെട്ടു മരിച്ചാല്‍ നമ്മുടെ വീട്ടുകാര്‍ക്ക് ഒരുപാട് പണം കിട്ടും. പിന്നെ അവള്‍ ക്ഷീണം മൂലം ഉറങ്ങി. എന്റെ ദേഹത്തു ചാരിക്കിടന്നുറങ്ങി. ഉണര്‍ന്നിട്ട് അവള്‍ പറഞ്ഞു: I am sorry . ഞാന്‍ പറഞ്ഞു. No problem. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി രണ്ടു വഴി പോയി. ഞാനവളുടെ ബാഗുകള്‍ ചുമന്നിരുന്നു. ഞാന്‍ എയര്‍പോര്‍ട്ടിനടുത്ത് ഒരു മുറിയെടുത്തു. കല്‍ക്കത്തയിലെ ഒരു തല്ലിക്കൂട്ട് മുറിയായിരുന്നു അത്. എന്റെ വിമാനം അടുത്ത ദിവസം രാവിലെയാണ്. രണ്ടു പെഗ് മദ്യം പറഞ്ഞു. മദ്യം തന്ന ആള്‍ വേറെയെന്തെങ്കിലും വേണോ എന്നു ചോദിച്ചു. സൂചന മനസ്സിലായി. ഇനിയൊന്നും വേണ്ട എന്നും രാവിലെ എനിക്ക് പോകണമെന്നും ഞാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ആ വിമാനയാത്രക്കാരിയെ വീണ്ടും കണ്ടുമുട്ടി. അവള്‍ ഹായ് ജോസഫ് എന്ന് വിളിച്ച് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. അവള്‍ക്കൊരു മാറ്റം ഞാന്‍ കണ്ടു. നീ മെലിഞ്ഞു പോയല്ലോ എന്നു പറയാന്‍ എനിക്ക് ഇംഗ്ലീഷ് കിട്ടിയില്ല.