ചിന്ത / എസ് ജോസഫ്
ദളിത് കവിത, ആദിവാസി കവിത എന്നതിന് ദളിത് കവികള്‍ എഴുതുന്ന കവിത ആദിവാസികള്‍ എഴുതുന്ന കവിത എന്നാണ് എമേര്‍ജിങ് പോയട്രിയുമായി ബന്ധപ്പെട്ട് ഞാന്‍ കൊടുക്കുന്ന അര്‍ത്ഥം. അപ്പോള്‍ എന്തും എഴുതാം. കവിത ഒരു വ്യവഹാരവും ശാസ്ത്രവും ആകുന്നു. അത് വേണ്ടവണ്ണം പഠിക്കാതെയാണ് പലരും കവിതകള്‍ എഴുതുന്നത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ യാഥാസ്ഥിതികമാണ് എന്റെ നിലപാട് എന്ന് നിങ്ങള്‍ പറഞ്ഞേക്കാം.
നിങ്ങളുടെ കവിതകള്‍ ഉള്ളടക്കങ്ങള്‍ എന്ന നിലയിലാണ് നില്‍ക്കുന്നത്. അതില്‍ ഒരു അപകടം ഉണ്ട്. എന്നും ദളിത് എന്ന സ്വത്വ ഗര്‍ത്തത്തില്‍, ആദിവാസി എന്ന സ്വത്വ ഗര്‍ത്തത്തില്‍ തന്നെ നിങ്ങള്‍ കിടക്കും എന്നുളളതാണത്. യേശുദാസും ഹൈദരാലിയും അവരുടെ സംഗീത കലാരീതികളില്‍ ഒന്നാമന്‍മാരായിരുന്നു എന്നത് ഓര്‍ക്കുക. നിങ്ങള്‍ കവിത എന്ന ജ്ഞാനമേഖലയെ വേണ്ടവണ്ണം. മനസിലാക്കിയിട്ടുണ്ടോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ കവിതയില്‍ തുടങ്ങിയിട്ടേയുള്ളു എന്നതുകൊണ്ടാണ് ഞാനിതൊന്നും നാളിതുവരെ പറയാതിരുന്നത്. ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഈ അവരോഹണ കാലഘട്ടത്തില്‍ നിങ്ങളോട് ഇതിനെപ്പറ്റി പറയണമെന്ന് തോന്നി.