ഈ വോട്ട് തെണ്ടല്‍ റാലികള്‍ പലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് ഒരാശ്വാസവും നല്‍കുന്നില്ല

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ലസ്തീനിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും റാലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ എണ്ണത്തിലും സാന്ദ്രതയിലും കേരളത്തില്‍ നടക്കുന്നത്ര റാലികള്‍ ലോകത്ത് ഒരിടത്തും നടക്കുന്നില്ല.

അത് എന്തുകൊണ്ടാണ്? ഈ റാലികള്‍ പലസ്തീനിലെ ഇരകളോടുള്ള സഹാനുഭൂതി കൊണ്ടല്ല. ഈ മത്സരറാലികള്‍ അവ സംഘടിപ്പിക്കുന്ന സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കാപട്യം നിറഞ്ഞ വോട്ട് തെണ്ടല്‍ പ്രക്രിയയുടെ ഭാഗം മാത്രമാണ്. സ്വാഭാവിക ഐക്യദാര്‍ഢ്യത്തിനപ്പുറം ഒരു പരിധി കഴിഞ്ഞാല്‍ ഇത്തരം റാലികള്‍ വിവരണാതീതമായ മനുഷ്യ യാതനയുടെ നാണംകെട്ട വില്പനയായാണ് അനുഭവപ്പെടുക.

ഓരോ പാര്‍ട്ടിയും ഓരോ ദിവസത്തെയും മത്സര വില്പന തുടങ്ങുന്നത്,
‘ ആരു വാങ്ങുമിന്നാരു വാങ്ങുമീ
പാലസ്തീനിന്റെ ചുടു ചോര ‘എന്ന ഗാനാലാപത്തോടെയാണ്. കേരളത്തില്‍ പെട്ടെന്ന് മുസ്ലിം നാമധാരിയുടെ വിപണിമൂല്യം വര്‍ധിച്ചത് അറിഞ്ഞ് സര്‍വ്വമാന മുസ്ലിം സംഘടനകളും സര്‍ക്കാരിന്റെ മേലും കോണ്‍ഗ്രസിന്റെ മേലും ഉള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയോടെ പലസ്തീനിലെയും ഇസ്രായേലിനെയും മനുഷ്യക്കുരുതിക്കിരയായവരുടെ എണ്ണം10800 ആയി. അതില്‍ 9200 പലസ്തീനികളും 1400 ഇസ്രയേലി കളും ഉണ്ട്. അവരില്‍ മൂന്നിലൊന്നു പേരും വംശീയതയുടെ പാഠങ്ങള്‍ മനസ്സിലാക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളാണ്. ഈ വോട്ട് തെണ്ടല്‍ റാലികള്‍ ആ കുഞ്ഞുങ്ങള്‍ക്കൊ ഇനിയും മരിക്കാനിടയുള്ള കുഞ്ഞുങ്ങള്‍ക്കൊ ഒരു ആശ്വാസവും നല്‍കുന്നില്ല. എന്നിട്ടും, ഇവര്‍ തുടരുന്ന ഐക്യദാര്‍ഢ്യ മത്സരം എന്നാണ് കയ്യാങ്കളിയിലെത്തുക എന്നാണ് മലയാളികള്‍ ഭയപ്പെടുന്നത്.

പണ്ടേ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് ചോര കുടിച്ചു വളര്‍ന്നു ശീലമായ സിപിഎമ്മിന് അഴിമതി രാജന്റെ അഴിമതിയൊക്കെ വിസ്മരിപ്പിച്ച് കേരളത്തില്‍ ആകാവുന്നത്ര സീറ്റ് കരസ്ഥമാക്കുക എന്ന അസ്തിത്വ പ്രശ്‌നമൊഴിച്ചാല്‍ അഖിലേന്ത്യാതലത്തില്‍ പ്രശ്‌നമൊന്നുമില്ല. കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാന്‍ ഇല്ലാത്തവന് അവിടെ ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല. കോണ്‍ഗ്രസിന്റെ കാര്യം അതല്ല. അവര്‍ക്ക് കേരളത്തില്‍ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം. അല്ലെങ്കില്‍ തന്നെ, ഇതിനകം ബിജെപിയും ഈ ദുരന്തത്തെ മറ്റൊരു വിധത്തില്‍ വിറ്റ് വോട്ടാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടാവും. അവര്‍ ഈ ബഹുലമായ റാലികളുടെ പടമൊക്കെ പിടിച്ച് അഹമ്മദാബാദിലും ജയ്പൂരിലും ഭോപാലിലും റായ്പൂരിലും ലക്‌നോവിലും ഡല്‍ഹിയിലും ഒക്കെ പ്രദര്‍ശിപ്പിച്ച് ‘ തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് മുസ്ലിം തീവ്രവാദികളുടെ കൈപ്പിടിയിലാണ്’ എന്നുപറഞ്ഞ് തെരഞ്ഞെടുപ്പില്‍ സ്‌കോര്‍ ചെയ്യും. അങ്ങിനെ,കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്.