കേരളീയത്തിന് ശേഷമുള്ള കാലം ട്രമ്പും വിജയനും മോദിയും ചേര്‍ന്ന ഒരവതാരത്തെ സൃഷ്ടിക്കുമായിരിക്കും

Articles

ചിന്ത / ഡോ: ആസാദ്

പിറകോട്ടു നോക്കുമ്പോള്‍ കേരളീയം മുതല്‍ മാനവീയം വരെ ഒരു നെടുമ്പാതയുണ്ട്. അത് ഇടതുവരമ്പുകള്‍ മുറിഞ്ഞു പരന്ന വരേണ്യ ഭാവുകത്വപകര്‍ച്ചയുടെ കണ്ണാടിക്കാഴ്ച്ചയാണ്. സംശയമുണ്ടെങ്കില്‍ കേരളീയ അരങ്ങില്‍നിന്ന് മാനവീയം വീഥിയോളം ഒന്നു നടന്നു നോക്കൂ.

കാണൂ, ഇരുപുറത്തുമുള്ള ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, ബാനറുകള്‍, അലങ്കാര വെളിച്ചങ്ങള്‍. ആഘോഷപ്പന്തലുകളില്‍ വര്‍ഗാതീത ചങ്ങാത്തതിന്റെയും ധൂര്‍ത്തിന്റെയും പണപ്പെരുമയുടെയും വികസന ഘോഷങ്ങള്‍. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ദാരിദ്ര്യത്തെ പൊതിയുന്ന ദീപാലങ്കാരങ്ങള്‍. തീരദേശത്തെ നിലവിളികളെ മൂടുന്ന പാട്ടുകച്ചേരികള്‍. മാസപ്പടി സര്‍ക്കാറിന്റെ അഴിമതി മായ്ക്കുന്ന ഇന്ദ്രജാലങ്ങള്‍. നാലരലക്ഷം കോടി കഴിയുന്ന വായ്പയുടെ പെരുംഭാരം നിസ്സാരമാക്കുന്ന വായാടിത്തങ്ങള്‍.

റൊണാള്‍ഡ് ട്രംപ്

പുതു സഹസ്രാബ്ദത്തിന്റെ ‘സ്വരലയം’ നവ ഉദാരതയുടെ തിരതല്ലലാണല്ലോ. അധീശത്വം സ്ഥാപിക്കാനുള്ള ആഗോള സമ്പദ്ക്രമത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പുനസംഘടനാ (ഞല േെൃൗരൗേൃശിഴ) പദ്ധതിക്ക് സമ്മതം രൂപപ്പെടുത്തുന്ന സാംസ്‌കാരിക പരിപാടിയായിരുന്നു മാനവീയം. തൊണ്ണൂറുകളുടെ അവസാന കാലത്ത് നായനാര്‍ സര്‍ക്കാര്‍ വലിയ ആഘോഷമായാണ് അതു നടത്തിയത്. പങ്കാളിത്ത ജനാധിപത്യത്തിലേക്കും പൗരസമൂഹ രാഷ്ട്രീയത്തിലേക്കും സംസ്ഥാനത്തെ വളര്‍ത്തുമെന്ന കാഴ്ച്ചപ്പാടാണ് മാനവീയത്തിന്റെ മാര്‍ഗരേഖ പ്രഖ്യാപിച്ചത്. സാംസ്‌കാരിക വകുപ്പ് അന്നത് പ്രസിദ്ധപ്പെടുത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള കേരളീയ പൊതുബോധത്തില്‍ വലതുപക്ഷ ഭാവുകത്വത്തിന്റെ സ്‌ഫോടനമായി അത് അടയാളപ്പെട്ടു. സ്വരലയ എന്ന കൊച്ചു വരേണ്യ സംഘടനയില്‍ തുടങ്ങിയ പദ്ധതിചിന്തയുടെ പൂര്‍ത്തീകരണമാണ് സംഭവിച്ചത്.

നരേന്ദ്ര മോദി

മാനവീയം ഒരു സാംസ്‌കാരിക പരിപാടിയായിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യ കേരളത്തെ പൊളിച്ചു പണിയാനുള്ള നാലാംലോക രാഷ്ട്രീയ പദ്ധതിയായിരുന്നു അത്. അത് കേരളത്തെ കോര്‍പറേറ്റ് വികസന തീവ്രവാദത്തിലേക്ക് തള്ളി. അത് കേരളത്തെ അമേരിക്കന്‍ ധനകാര്യ ഏജന്‍സികളുടെ താല്‍പ്പര്യങ്ങളിലേക്ക് അടുപ്പിച്ചു. അത് അമേരിക്കന്‍ ധൈഷണിക കമ്പോളത്തിലേക്ക് നമ്മുടെ ബുദ്ധിജീവിതങ്ങളെ കയറൂരി വിട്ടു. അത് വരേണ്യ ഭാവുകത്വത്തിനും ചൂഷിതവര്‍ഗ ഭാവുകത്വത്തിനും ഇടയിലെ അതിര്‍വരമ്പുകള്‍ വെട്ടിമാറ്റി. ആദര്‍ശലോകം കോര്‍പറേറ്റ് മുതലാളിത്തം നിര്‍മ്മിച്ചു നല്‍കുന്ന മോഹലോകമായി. നേതാക്കളുടെ മക്കള്‍ കമ്പനിയുടമകളായി. പുതു വര്‍ഗം(ിലം രഹമ)ൈ രൂപംകൊണ്ടു. അവരായി തമ്പുരാക്കള്‍. ഭാവി നിശ്ചയിക്കുന്നവര്‍.

പിണറായി വിജയന്‍

അവരുടെ പ്രായപൂര്‍ത്തി അറിയിക്കലാണ് കേരളീയം. അതിനാലാണ് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ ചരിത്രം ഈ നാഴികക്കല്ലിന് അപ്പുറവും ഇപ്പുറവുമായി പിളര്‍ന്നു കിടക്കുമെന്ന്. ഇനി നാം ജീവിക്കേണ്ടത് കേരളീയത്തിനു ശേഷമുള്ള കേരളത്തില്‍ ആയിരിക്കുമെന്ന്. അതിനാല്‍ തയ്യാറെടുത്തുകൊള്ളുവിന്‍! മാനവീയത്തിനു ശേഷമുള്ള കേരളത്തെ അതിന്റെ ഗ്രഹണകാലത്ത് നയിച്ചത് ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. ഇനി കേരളീയത്തിനു ശേഷമുള്ള കാലം ട്രമ്പും മോദിയും വിജയനും ചേര്‍ന്ന ഒരവതാരത്തെ സൃഷ്ടിക്കുമായിരിക്കും.

നമ്മുടെ പണിതീരുന്ന ദേശീയപാതകള്‍ക്ക് കേരളീയം വീഥി എന്ന് പേരിടണേ മാസപ്പടി സര്‍ക്കാറേ