ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി; പിടിയിലായത് ചന്ദ്രുവും ഉണ്ണിമായയും

Kerala

കല്പറ്റ: മാവോയിസ്റ്റുകള്‍ക്കായി പൊലീസും തണ്ടര്‍ബോള്‍ട്ടും അന്വേഷണം ഊര്‍ജിതമാക്കി. ചപ്പാരം കോളനിയില്‍ നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ബാണാസുര ദളത്തിലെ കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവിടെ നിന്ന് രണ്ട് വനിത മാവോയിസ്റ്റുകളാണ് ഓടിരക്ഷപ്പെട്ടത്. ഇവര്‍ക്കായി പേരിയയിലെ ഉള്‍ക്കാടുകളില്‍ തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.

വടക്കേ വയനാട്ടില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമാണ്. പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും കണ്ണുവെട്ടിച്ചാണ് തലപ്പുഴയിലും പേരിയയിലും പരിസരങ്ങളിലും മാവോയിസ്റ്റുകള്‍ സാന്നിധ്യമറിയിച്ചത്. ഇവരില്‍ രണ്ടുപേരാണ് രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായിലകപ്പെട്ടത്.

ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു നാലംഗ സായുധസംഘം എത്തിയത്. ഇവിടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജിലിട്ട ശേഷം ഭക്ഷണം കഴിക്കാന്‍ ഒരുങ്ങിയപ്പോഴാണ് തണ്ടര്‍ബോള്‍ട്ട് സംഘം വീട് വളയുന്നത്. തുടര്‍ന്ന് മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നാലെ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ കസ്റ്റഡിയിലാവുന്നത്. എന്നാല്‍ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും രക്ഷപ്പെട്ട് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ലതയ്ക്കും സുന്ദരിക്കും വെടിയേറ്റിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ വീട്ടില്‍ ഏഴു പേരുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനേ ശേഷം കാടുകളില്‍ പോലീസ് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മൂന്നു തോക്കുകള്‍ പിടിച്ചെടുത്തതായാണ് വിവരം. വെടിയേറ്റതിനാല്‍ ഇവര്‍ ആശുപത്രികളിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ സന്ദേശ വാഹകന്‍ തമ്പി എന്ന ഷിബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും രണ്ടുപേരെ പിടികൂടുന്നതിനും പൊലീസിന് സഹായകരമായത്.