പോരാട്ട വീഥിയില്‍ പെണ്‍കരുത്തുമായി വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്; സ്ത്രീകളുടെ സാമൂഹ്യ നീതി ഉറപ്പ് വരുത്തുക: വിമന്‍ ജസ്റ്റിസ് സംസ്ഥാന സമ്മേളനം 12ന് കണ്ണൂരില്‍

Kannur

കണ്ണൂര്‍: സ്ത്രീകളുടെ സാമൂഹ്യ നീതി ഉറപ്പ് വരുത്തുക എന്ന പ്രമേയവുമായി വിമന്‍ ജസ്റ്റിസ് സംസ്ഥാന സമ്മേളനം 12ന് കണ്ണൂരില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഷീമ മൊഹ്‌സിന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ റാലിയും ഉണ്ടായിരിക്കും.

സ്ത്രീകളുടെ സാമൂഹ്യ നീതി ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തില്‍ 2019ല്‍ രൂപീകൃതമായ വനിത സംഘടനയാണ് വിമന്‍ ജസ്റ്റിസ്. കേരള സംസ്ഥാന രൂപീകരണത്തിന്റെ 67 ആണ്ടുകള്‍ പിന്നിട്ടിട്ടും ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ അവസ്ഥ കേരളത്തില്‍ പരിതാപകരമാണെന്നും വിദ്യാഭ്യാസപരമായും തൊഴില്‍ രംഗത്തും വളരെ മുന്നേറിയിട്ടുണ്ടെങ്കിലും മൗലികമായ നീതി, സാമൂഹികത, സുരക്ഷിതത്വം, പ്രതിനിധാനം, അധികാരം എന്നിവയിലൊന്നും ആശാവഹമായ മുന്നേറ്റം ഇന്നും സാധ്യമായിട്ടില്ല എന്നും വളരെ പ്രാഥമികമായ് ഉണ്ടാവേണ്ടുന്ന സുരക്ഷിതത്വം അനുദിനം കുറഞ്ഞ് വരികയാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ അതിക്രമങ്ങള്‍ പെരുകുകയും അക്രമികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ നാലുവര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ ശക്തമായ ഒരു വനിതാസംഘടനയായി വളര്‍ന്നിരിക്കുകയാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്. പാലത്തായി, വാളയാര്‍, അനുപമ സമരം, ഹര്‍ഷിന സമരം, ഐസിയു പീഡനം, ദലിത് ആദിവാസി വിഷയങ്ങള്‍ തുടങ്ങി ഒട്ടനവധി പെണ്‍ പോരാട്ടങ്ങളെ വിജയിപ്പിക്കാന്‍ വിമന്‍ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്. സംഘടിക്കാനും സംഘടിപ്പിക്കാനും നേതൃപരമായ പങ്ക് വഹിക്കാന്‍ പ്രാപ്തരായ പതിനായിരക്കണക്കിന് വനിതകളെയും നൂറുകണക്കിന് ആക്ടിവിസ്റ്റുകളെയും ഇക്കാലയളവില്‍ വളര്‍ത്തിയെടുക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

നീതിക്ക് പെണ്‍കരുത്ത് പകര്‍ന്ന് ഓരോ ജില്ലയിലും സ്ത്രീ നീതിക്ക് വേണ്ടി ഇടപെലുകളും നിയമപോരാട്ടങ്ങളുമായി ജില്ല കമ്മിറ്റികളും ശാക്തീകരിക്കപ്പെട്ടു. സംസ്ഥാനത്തുടനീളം ഇരുപതിനായിരത്തോളം അംഗങ്ങള്‍ വിമന്‍ജസ്റ്റിസില്‍ അണിചേര്‍ന്നിട്ടുണ്ട്. അടിയന്തര സഹായത്തിനായി വിമന്‍ ഹെല്‍പ് ഡെസ്‌ക് ഓണ്‍ ചെയ്തിട്ടുണ്ട്. പബ്‌ളിക്കില്‍ ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ ലഭ്യമാണ്. മികച്ച രീതിയില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ നടന്നുപോകുന്നുണ്ട്.

വരും നാളുകളില്‍ വിദ്യാഭ്യാസസാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകള്‍ ഉള്‍പ്പെടെ സാമൂഹ്യ നീതിയുടെ എല്ലാതലങ്ങളിലേക്കും ശാക്തീകരിക്കപ്പെടാനാണ് വിമന്‍ ജസ്റ്റിസ് പരിശ്രമിക്കുന്നത്. നാലുവര്‍ഷം പൂര്‍ത്തീകരിക്കപ്പെട്ട വേളയിലാണ് വിമന്‍ ജസ്റ്റിസിന്റെ രണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടക്കുന്നത്. അതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവിധ പ്രചരണ പരിപാടികള്‍ നടക്കുന്നുണ്ട്.

വാര്‍ത്ത സമ്മേളനത്തില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ, സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന മീഡിയ സെക്രട്ടറി മുംതാസ് ബീഗം, കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഷാജിദ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കുത്തു.