ആരോഗ്യ വര്‍ത്തമാനം / ഡോ: ജി ആര്‍ സന്തോഷ് കുമാര്‍
ആകാശവാണി നിലയങ്ങള്‍ പ്രസാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം. അക്കാലത്താണ് പ്രക്ഷേപണം ലാഭകരമാക്കി മാറ്റുന്നതിന്റെ ഭാഗമായി നിശ്ചിത തുകയ്ക്ക് എയര്‍ടൈം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി തുടങ്ങിയത്. നാച്ചറോപ്പതി ഡോക്ടര്‍ എന്ന് അവകാശപ്പെട്ട് ഒരാള്‍ അയാള്‍ സ്ഥാപിച്ച സംഘടനയുടെ ബാനറില്‍ സമയം വിലക്ക് വാങ്ങുകയും ദിവസേന പ്രൈംടൈമില്‍ 30 മിനിട്ട് ആരോഗ്യ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷത്തോളം അയാള്‍ ആകാശവാണിയിലൂടെ അഭംഗുരം പ്രഭാഷണം നടത്തി.
തെറ്റുകള്‍ നിറഞ്ഞതായിരുന്നു ആ പ്രോഗ്രാം. തുടക്കത്തില്‍ ഇത് ആരും ഗൗനിച്ചില്ല. റേഡിയോയിലെ പ്രഭാഷണം കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ ആശയ വിനിമയത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന പ്രസ്തുത വിദഗ്ധന്‍ ഈ പരിപാടിയിലൂടെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടി. ഒടുവില്‍ പ്രശസ്തനായ ഒരു ന്യൂറോളജിസ്റ്റ് പ്രഭാഷണത്തിനെതിരെ ആകാശവാണിക്ക് രേഖാമൂലം പരാതി നല്‍കി.
പരിപാടിയുടെ ഒരു എപ്പിസോഡില്‍ അപസ്മാര ചികിത്സയില്‍ ന്യൂറോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ശരീരത്തിന് അതീവ ദോഷകരമാണെന്നും അത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ ഉടനടി അവ ഉപേക്ഷിക്കണമെന്നും പറഞ്ഞിരുന്നു. ആകാശവാണിയിലൂടെ ഈ വിവരം കേള്‍ക്കാനിടയായ അപസ്മാര രോഗമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിക്ക് നല്‍കിയിരുന്ന മരുന്നുകള്‍ നിര്‍ത്തിവെച്ചു. ഇത് കുട്ടിയില്‍ രോഗം തിരിച്ചു വരുന്നതിനും മരണത്തിന്റെ വക്കോളമെത്തിക്കുന്ന കടുത്ത ദുരിതം ഉണ്ടാക്കുന്നതിനും കാരണമായി. ഈ സംഭവമാണ് ന്യൂറോളജിസ്റ്റിനെ പരാതിപ്പെടാന്‍ പ്രേരിപ്പിച്ചത്.
ആകാശവാണി ന്യൂറോളജിസ്റ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ വൈദ്യമേഖലയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മറ്റിയുണ്ടാക്കുകയും പ്രോഗ്രാം പരിശോധിക്കുകയും ചെയ്തു. നിരവധി തെറ്റായ വിവരങ്ങള്‍ നിറഞ്ഞതായിരുന്നു ആ പരിപാടിയെന്ന് അവര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് പ്രഭാഷണ പരിപാടി ആകാശവാണി നിര്‍ത്തലാക്കി. മാത്രമല്ല, ആകാശവാണിയിലെ ആരോഗ്യപരിപാടികള്‍ നിരീക്ഷിക്കാനും ഉപദേശം നല്‍കാനും കമ്മറ്റിയെ തുടരാനാനുവദിക്കുകയും ചെയ്തു.
മലയാള സിനിമ പ്രവര്‍ത്തക ലെന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ചികിത്സ, ഔഷധങ്ങള്‍. ചികിത്സകര്‍ എന്നിവരെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നിരന്തരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതികരണം.
മാനസികാരോഗ്യ ചികില്‍സയില്‍ ഉപയോഗിക്കുന്ന ഔഷധങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ക്ക് യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരം ഔഷധങ്ങള്‍ കഴിച്ച്, സാധാരണ ജീവിതം തിരിച്ചുപിടിച്ച് മുന്നോട്ട് പോകുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. മാനസികാരോഗ്യ ചികിത്സയെക്കുറിച്ചും ഔഷധങ്ങളെക്കുറിച്ചും, സമൂഹത്തില്‍ പ്രത്യേക പദവിയുള്ള ഒരു വ്യക്തി അസത്യങ്ങള്‍ പ്രചരിപ്പിച്ച് അത്തരം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് അപകടകരമാണ്. ഇത് തീക്കളിയാണ്.
കേരളത്തിലെ മാനസികാരോഗ്യ ചികിത്സ, മെന്റല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെയും കോടതികളുടേയും നേരിട്ടുള്ള നിരീക്ഷണത്തിന്‍ കീഴിലാണ് നടക്കുന്നത്. സെലിബ്രിറ്റി സ്റ്റാറ്റസ്സുള്ള നടിയില്‍ നിന്ന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരക്കുകയും യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്തുന്നതിനും ഈ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനങ്ങള്‍ തയ്യാറാകണം.