വായ്പയെടുത്ത് തലമുറകളെ കടക്കാരാക്കിയ ഇതുപോലൊരു ഭരണം മുമ്പുണ്ടായിട്ടില്ല

Articles

ചിന്ത / ഡോ: ആസാദ്

നങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ കുടിച്ചും മുടിച്ചും തിമര്‍ക്കുന്ന ഭരണാധികാരിയും സേവകരും മുമ്പൊന്നും ഇത്ര കൊണ്ടാടപ്പെട്ടിട്ടില്ല. വായ്പയെടുത്ത് തലമുറകളെ കടക്കാരാക്കിയ ഇതുപോലെ ഒരു ഭരണം മുമ്പുണ്ടായിട്ടുമില്ല.

കേരളം പിറന്നശേഷം 2016വരെ ആകെ ഉണ്ടായ കടം ഒന്നരലക്ഷം കോടി രൂപയാണ്. പി വി മുഖ്യമന്ത്രിയായ ശേഷം ആ കടത്തിലുണ്ടായ വര്‍ദ്ധന ഭീമമാണ്. ഒരു സര്‍ക്കാറും ധൈര്യപ്പെട്ടിട്ടില്ലാത്ത വര്‍ദ്ധന. തലമുറകളെ കടത്തിലാഴ്ത്തി പണയം വെച്ചുള്ള ധൂര്‍ത്ത്. നാലര ലക്ഷം കോടിയോളം വരും ഇപ്പോഴത്തെ കടം.

കടമെടുപ്പിന്റെ എല്ലാ പരിധിയും പിന്നിടുകയാണ്. ഇനി വരുന്ന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുള്ള വായ്പകളും കിട്ടാനിടയില്ല എന്നു മാത്രമല്ല കടംവീട്ടാന്‍ ഇരിക്കക്കൂര വില്‍ക്കേണ്ടിയും വരും. വരും തലമുറക്ക് അവകാശപ്പെട്ട സകലതും വാരിക്കൂട്ടി ധൂര്‍ത്തടിക്കുകയാണ് പി വിസര്‍ക്കാര്‍. നിയന്ത്രണമില്ലാത്ത കടമെടുപ്പ് വലിയ ബാദ്ധ്യതയാകുമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം ഈയിടെ പുറത്തു വന്നിരുന്നു.

കേന്ദ്രത്തില്‍നിന്നു കിട്ടാനുള്ളത് കിട്ടുന്നില്ല എന്ന വാദം ശരിയാണ്. അത് കിട്ടുന്നതുവരെ കേരളത്തിലെ പട്ടിണിക്കാരാണോ അത് സഹിക്കേണ്ടത്? ഉള്ള പണം അടിയന്തിരപ്രാധാന്യത്തോടെ ചെലവഴിക്കേണ്ടത് അവര്‍ക്കു വേണ്ടിയല്ലേ? നീട്ടിവെക്കേണ്ടത് മുകള്‍ത്തട്ടിലെ ആഘോഷവും ധൂര്‍ത്തുമല്ലേ? ചെലവു ചുരുക്കേണ്ടത് അതി ദരിദ്രരും തൊഴിലെടുത്ത് നിത്യനിദാനത്തിനു പിടയുന്നവരുമാണോ? ഇതാണോ എല്‍ ഡി എഫ് മുന്‍കാലങ്ങളില്‍ സ്വീകരിച്ചുപോന്ന സമീപനം?

ഭരണകക്ഷി നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല. തൊഴിലില്ലായ്മ നേരിടേണ്ടിവരില്ല. കടം കിട്ടാത്ത ബുദ്ധിമുട്ടില്ല. മാസപ്പടിയോ തിരിച്ചടക്കേണ്ടാത്ത പണമോ പലിശയില്ലാത്ത വായ്പയോ വീട്ടിലെത്തും. സാധാരണ ജനങ്ങളുടെ സ്ഥിതി അതല്ല. ഈ വൈരുദ്ധ്യമാണ് പുതുതായി വികസിച്ച കേരള മോഡല്‍.

കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ ദില്ലിയില്‍പോയി സമരം ചെയ്തിട്ടുണ്ട് പണ്ട് നായനാര്‍ മന്ത്രിസഭ. അന്ന് എ ബി വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി. ഇപ്പോള്‍ മോദി സര്‍ക്കാറാണ്. ചോദിക്കാനും സമരം ചെയ്യാനും മുട്ടു വിറയ്ക്കുന്നു പിവിക്ക്. പി വിയുടെ പാര്‍ട്ടിയും ദില്ലിയില്‍ ഒരു ജനകീയ ധര്‍ണപോലും സംഘടിപ്പിക്കുന്നില്ല. പലസ്തീന്‍ ഐക്യദാര്‍ഢ്യംപോലെ എല്ലാവരെയും പങ്കെടുപ്പിച്ച് ഒരു ദില്ലിമാര്‍ച്ച് നടത്തിക്കൂടെ? അതെന്താണ് തോന്നാത്തത്?

അപ്പോള്‍ പ്രശ്‌നം മറ്റൊന്നാണ്. അത് പഴിപറച്ചിലില്‍ തീര്‍ക്കണം. പണം തോന്നുംപടി ചെലവഴിക്കാന്‍ ആ പഴിപറച്ചില്‍ ന്യായീകരണമാവും. ഉള്ളപണം ഇങ്ങനെയാണോ ചെലവഴിക്കേണ്ടത്, ഇതാണോ നിങ്ങളുടെ മുന്‍ഗണനാക്രമം എന്ന കാതലായ ചോദ്യത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കും.

ആഘോഷങ്ങള്‍ കേരളത്തിലെ പി വിസര്‍ക്കാറും പണമുതലാളിമാരും ചേര്‍ന്നുള്ള സഹവര്‍ത്തിത്തത്തിന്റെ ആഘോഷമാണ്. അവരുടെ കൊടുക്കല്‍ വാങ്ങലുകളുടെ ഉടമ്പടിയുണ്ടാക്കലാണ്. അതിന്റെ വിഹിതം കൈമാറലാണ്. അതിന്റെ പൊതുസദ്യയില്‍ ഇല കിട്ടുന്നവര്‍ സ്തുതി പാടും. അദാനിമാര്‍ക്കും കാരണഭൂതനും സ്തുതിപാടുന്ന ആസ്ഥാന ഗായക സംഘം എപ്പോഴും ഉണര്‍ന്നിരിക്കുമല്ലോ.

ശംബളമോ പെന്‍ഷനോ ക്ഷേമപെന്‍ഷനോ കലാലയങ്ങളിലെ ഉച്ച ഭക്ഷണമോ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംവരണ ആനുകൂല്യമോ നിലച്ചുപോയാല്‍ അവരെന്തിന് അറിയണം! പീഡിതരുടെ വിഷമം കാണുന്ന മാദ്ധ്യമങ്ങളെ പഴിക്കാന്‍ ലജ്ജയില്ലാത്ത പാര്‍ട്ടി വക്താക്കളുണ്ട്. പോ പോ കേന്ദ്രത്തില്‍ പോ എന്ന് ആട്ടുകയാണവര്‍. കേരളീയം എന്ന ആഘോഷം അടിത്തട്ടു സമൂഹത്തെ പിഴിഞ്ഞ ചോരയിലും നീരിലുമുള്ള അഴിഞ്ഞാട്ടമാണെന്ന് കാണാതെ വയ്യ. ലജ്ജിച്ച് തല താഴ്ത്താതെ വയ്യ.