സുനിത സുനില്‍
ഷാര്‍ജ: ഷാരോ സതീഷ് എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ‘കാന്‍സര്‍ ഒ നിര്‍വാണ’ ഷാര്‍ജ പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വെച്ച് എഴുത്തുകാരനും ചലച്ചിത്രകാരനുമായ മന്‍സൂര്‍ പള്ളൂര്‍ പ്രകാശനം ചെയ്തു. സി എസ് എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി എസ് കലാധരന്‍ പുസ്തകം ഏറ്റു വാങ്ങി. കോഴിക്കോടുകാരനായ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വൈസ് പ്രസിഡണ്ടുമായിരുന്ന സതീഷ് കുറ്റിയിലിന്റെ ജീവിതത്തിന്റെ അവസാന കാലത്തെക്കുറിച്ച് മകന്‍ ഷാരോ സതീഷ് എഴുതിയ ഹൃദയ സ്പൃക്കായ അച്ഛനനുഭവമാണ് ‘കാന്‍സര്‍ ഒ നിര്‍വാണ’ എന്ന പുസ്തകം.
ഷാരോയുടെ പുസ്തകം തനിക്ക് കൂടി പ്രിയപ്പെട്ട സതീശേട്ടന്റെ നികത്താനാവാത്ത നഷ്ടമേല്‍പ്പിച്ച വേദനകളിലേക്കെന്നപോലെ ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കും മരണത്തിന്റെ നിഗൂഢതകളിലേക്കും ആഴ്ന്നിറങ്ങുന്ന വായനാനുഭവമാണെന്ന് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തുകാരി ഡോ. ധനലക്ഷ്മി സംസാരിച്ചു. പ്രശസ്ത കലാകാരനായ മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ എടമുട്ടം പരിപാടിയുടെ അവതാരകനായിരുന്നു. ആര്‍ ജെ മിഥുന്‍ രമേഷ്, പ്രസാധകന്‍ പ്രതാപന്‍ തായാട്ട്, ഷാരോ സതീഷ് എന്നിവര്‍ സംസാരിച്ചു. അഡ്വ. സൈറ സതീഷ്, അഡ്വ. വൈ.എ റഹീം, ബ്രിട്ടോ സതീഷ്, ശശികല ബ്രിട്ടോ എന്നിവര്‍ പങ്കെടുത്തു.