കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഏ ഐ വൈ എഫ്. അക്കാദമി ചെയര്‍മാന്‍ എന്ന നിലക്ക് ഭാഷയിലും പ്രവര്‍ത്തിയിലുമെല്ലാം മാടമ്പിയുടെ ശൈലിയാണ് രഞ്ജിത്തിനെന്നാണ് സംസ്ഥാന സെക്രട്ടറി ടി ടി. ജിസ്‌മോന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.
ഇടതുമുന്നണിയുടെ കീഴിലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്ന നിലക്കുള്ള പെരുമാറ്റമല്ല അദ്ദേഹത്തില്‍ നിന്ന് ഈയടുത്ത കാലത്തുണ്ടാകുന്നത്. കൂടാതെ ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് നേരിട്ട് ഇടപെട്ടതായി ശബ്ദരേഖയടക്കം പുറത്തുവന്നിരിക്കയാണ്. വ്യക്തമായ അധികാര ദുര്‍വിനിയോഗമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി എടുക്കണം. വിനയനെ പോലെ ഒരാളുടെ സിനിമ ചവറ് സിനിമയാണെന്ന് അക്കാദമി ചെയര്‍മാന്‍ പറയുന്നതംഗീകരിക്കാന്‍ പറ്റില്ല. വിനയന്‍ ആരെന്നത് കേരളീയ സമൂഹം തിരിച്ചറിഞ്ഞ കാര്യമാണ്. അവാര്‍ഡിനായി നടക്കുന്ന ഒരു വ്യക്തിയല്ല, അദ്ദേഹം. ഇതിന് മുന്‍പും അക്കാദമി ചെയര്‍മാനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സിനിമാ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ആര്‍ക്കും എതിര്‍പ്പില്ല. മറിച്ച് തന്റേടത്തോടെയുള്ള മാടമ്പിത്തരം നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയാണ് പ്രശ്‌നമെന്നും അക്കാദമിയെക്കുറിച്ചല്ല, ചെയര്‍മാനെക്കുറിച്ചാണ് ഞങ്ങള്‍ക്ക് പരാതിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന തുടര്‍ നടപടികളനുസരിച്ച് ഭാവി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിനയന്റെ പരാതിയെ പിന്തുണച്ച് അവരുടെ യുവജനവിഭാഗം തന്നെ രംഗത്തെത്തിയതോടെ വരും കാലത്ത് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയായും വിവാദമായും നിലനില്ക്കും.