തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മലയാളി ദമ്പതികളെയും സുഹൃത്തായ യുവതിയെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും വിചിത്ര വിശ്വാസങ്ങളുടെ വഴിയിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് സൂചന. പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീന്‍ യുവതികളെ വിശ്വസിപ്പിച്ചു. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ ബി.നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് കാവില്‍ ദേവി (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതെല്ലാം മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു. മൂന്നു പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതം. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണെന്ന് ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് വ്യക്തമായിട്ടുണ്ട്.
മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങള്‍, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം തിരച്ചിലില്‍ വന്നിട്ടുണ്ട്. ദേവി പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങള്‍ കൂടുതലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ നിന്നു രക്തം വാര്‍ന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്.
മരിച്ച ആര്യയ്ക്കും നാട്ടില്‍ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.
നവീന്‍ ഭാര്യയേയും യുവതിയേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. ദേവിയും ആര്യയും തമ്മില്‍ പിരിയാനാകാത്തവിധമുള്ള ബന്ധമാണോ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്നത് സംബന്ധിച്ച സാധ്യതകളും പൊലീസ് അന്വേഷിക്കും.