ഖുർആൻ വെളിച്ചം സംഗമത്തിന് പ്രൗഢോജ്വല സമാപനം: സുസ്ഥിര വികസനത്തിന് ദൈവീക വിഭവ വിനിയോഗ സാക്ഷരത ആര്‍ജ്ജിക്കണം

Kozhikode

കോഴിക്കോട് : ദൈവീകവിഭവങ്ങളുടെ വ്യവസ്ഥാപിതവും ആനുപാതികവുമായ വിതരണക്രമം പ്രകൃതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും വിഭവവിനിയോഗത്തിലെ സൂക്ഷ്മത പ്രകൃതി സന്തുലനത്തെ ബലപ്പെടുത്തുമെന്നും ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട് ജെ ഡി ടി കാമ്പസില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വെളിച്ചം അന്താരാഷ്ട്ര പഠനപദ്ധതി സംസ്ഥാനതല സംഗമം അഭിപ്രായപ്പെട്ടു.

സുസ്ഥിരവികസനം സാധ്യമാക്കാന്‍ ദൈവീക വിഭവവിനിയോഗ സാക്ഷരത ആര്‍ജ്ജിക്കാന്‍ ഓരോ വ്യക്തിക്കും സാധ്യമാകേണ്ടതുണ്ട്. വിഭവദാതാവായ ദൈവത്തിന്‍റെ മാര്‍ഗദര്‍ശനങ്ങള്‍ വിഭവവിനിമയത്തിലും വിതരണത്തിലും പാലിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം. അര്‍ഹര്‍ക്ക് പ്രാപ്യമല്ലാത്ത വിധം വിഭവങ്ങള്‍ കയ്യടക്കിവെക്കുന്ന പ്രവണത ഇല്ലാതാക്കണമെന്നും പങ്കുവെക്കലിന്റെ രീതിശാസ്ത്രം പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും വെളിച്ചം സംഗമം അഭിപ്രായപ്പെട്ടു.

കെ ജെ യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ധീന്‍ ഫാറൂഖി സംഗമം ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്ന വിഭവവിതരണ മര്യാദകള്‍ എല്ലാവരും പാലിച്ചാല്‍ പ്രകൃതിയുടെ സുസ്ഥിരനിലനില്‍പ്പ് സാധ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി ടി അബ്ദുല്‍മജീദ്‌ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്‌, എം ജി എം സംസ്ഥാന പ്രസിഡന്റ്‌ സല്‍മ അന്‍വാരിയ്യ , എം എസ് എം സംസ്ഥാന സെക്രട്ടറി ശഹീം പാറന്നൂര്‍, നവാസ് അന്‍വാരി, ഡോ. ജംഷീദ് ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പഠന സെഷനില്‍ ഡോ. ജാബിര്‍ അമാനി, നൗഫല്‍ ഹാദി, ഫൈസല്‍ നന്മണ്ട, ഡോ. ഫുഖാര്‍ അലി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ആസ്വാദന സെഷനിന് അബ്ദുല്‍ ലത്തീഫ് വൈലത്തൂര്‍, അബ്ദു റസാഖ് മണ്ണാര്‍ക്കാട്, ഇസ്മായില്‍ കുന്നുംപുറം, മിസ്ബാഹ് ഫാറൂഖി എന്നിവര്‍ നേതൃത്വം നല്‍കി. ഹിഫ്ല് സെഷന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ നൗഷാദ് കാക്കവയലും ,മെഗാ ക്വിസിന് ഇ വി അബ്ബാസ് സുല്ലമിയും നേതൃത്വം നല്‍കി. പത്തൊന്‍പതാം ഘട്ട വെളിച്ചം ലോഞ്ചിംഗ് ടി പി ഹുസൈന്‍ കോയ നിര്‍വഹിച്ചു.

സമാപന സമ്മേളനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. വെളിച്ചം പഠനപദ്ധതി ചെയര്‍മാന്‍ അബദുല്‍ കരീം സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ്‌ സഹല്‍ മുട്ടില്‍ , അഡ്വ. പി എം മുഹമ്മദ്‌ ഹനീഫ്,ശാനിഫ് വാഴക്കാട്, അയ്യൂബ് എടവനക്കാട്, ശംസുദ്ധീന്‍ അയനിക്കോട്, കെ എന്‍ സുലൈമാന്‍ മദനി, ജിസാര്‍ ഇട്ടോളി, അഷ്‌റഫ്‌ തൊടികപ്പുലം, ശറഫുദ്ധീന്‍ കടലുണ്ടി, ഫാദില്‍ പന്നിയങ്കര , നസിറാജ് തയ്യില്‍, നസീം മടവൂര്‍, അബ്ദുല്‍ സത്താര്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.