വായനയെ തിരിച്ചു കൊണ്ടു വരുവാനുള്ള ഗ്രന്ഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സമൂഹം പിന്‍തുണക്കണം: മന്ത്രി ദേവര്‍ കോവില്‍

Kozhikode

കോഴിക്കോട്: പുതുതലമുറയെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഗ്രന്ഥശാലകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയമാണെന്നും സമൂഹം ഇതിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഗ്‌ളോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ നോര്‍ത്ത് കേരള ചാപ്റ്റര്‍ നൂതനാശയ പുരസ്‌കാരം കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിഗ്രന്ഥാലയത്തിനു നല്കി സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരും ഇത്തരം പ്രവര്‍ത്തനക്കള്‍ക്ക് ഏറെ പ്രോത്സാഹനം നല്കുന്ന സമീപനമാണ് എടുക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സമവര്‍ത്തി പട്ടികയില്‍ പെടുത്തി സംസ്ഥാനത്തെ സുശക്തമായ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തേണ്ടണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

50,000 രൂപയുടെ പുസ്തകങ്ങളാണ് ഗ്രന്ഥാലയത്തിനുള്ള ഗ്‌ളോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ പുരസ്‌കാരം. ഗ്രന്ഥാലയത്തിനു വേണ്ടി പുരസ്‌കാരം ചെയര്‍മാന്‍ കെ.കെ. സഹീറും സെക്രട്ടറി എം.എ ജോണ്‍സണും ഏറ്റുവാങ്ങി. ഇതോടൊപ്പം മാതൃഭൂമി ഡയറക്ടര്‍ ഡോ. ജയ്കിഷ് ജയരാജിന്റെ ദര്‍ശനത്തിനായുള്ള 10,000 രൂപയുടെ പുസ്തക പുരസ്‌കാരവും സമ്മാനിച്ചു. ചടങ്ങില്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ അഡ്വ. ജലീല്‍ ഓണത്ത്. ഡോ. ജയ്കിഷ് ജയരാജ് എന്നിവര്‍ സംസാരിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും എം.എ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.