പ്രമുഖ അറബനമുട്ട് കലാകാരനായിരുന്ന അവറാന്‍ മൊല്ലാക്കയുടെ ഫോട്ടോ വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഏറ്റുവാങ്ങി

Malappuram

കൊണ്ടോട്ടി: പ്രമുഖ അറബനമുട്ട് കലാകാരനായിരുന്ന അവറാന്‍ മൊല്ലാക്ക (പീര്‍ അലീഷ)യുടെ ഫോട്ടോ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അദ്ദേഹത്തിന്റെ ശിഷ്യന്‍ ഓടക്കല്‍ കുഞ്ഞാലി ഹാജിയില്‍ നിന്നും ഏറ്റുവാങ്ങി. കവുങ്ങുംതോട് ഷൗക്കത്ത്, ഫിറോസ് എം, അക്കാദമി അംഗങ്ങളായ പാറപ്പുറം അബ്ദുറഹിമാന്‍, ഒ.പി. മുസ്തഫ, സ്റ്റാഫ് വേലായുധന്‍ പി, സഫറീന എ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1903ല്‍ കൊണ്ടോട്ടി കാട്ടുപീടിയക്കല്‍ കുട്ട്യാലിയുടെ മകനായി ജനിച്ച അവറാന്‍ മൊല്ല അറബന, കുത്ത് റാത്തീബ് കലാപ്രകടനത്തില്‍ കൊണ്ടോട്ടിയുടെ പെരുമ ദേശീയതലത്തില്‍ എത്തിച്ച കലാകാരനാണ്. 15 വര്‍ഷത്തോളം അജ്മീറിലും നാഗൂരിലും താമസിച്ച് അറബനയും കുത്ത് റാത്തീബും പഠിക്കുകയും അവിടത്തെ ദര്‍ഗകളില്‍ ഈ കലകള്‍ അവതരിപ്പിക്കുകയും ചെയ്തു. അന്ന് അദ്ദേഹം അജ്മീര്‍ ഖലീഫ എന്ന സ്ഥാനവും വഹിച്ചിരുന്നു.

ഇന്ത്യയിലുടനീളം നിരവധി ശിഷ്യഗണങ്ങളുള്ള അദ്ദേഹം 1966 സംഘത്തോടൊപ്പം ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അറബനകുത്ത് റാത്തീബ് പ്രകടനം നടത്തി ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും പ്രശംസയും അവാര്‍ഡുകളും കരസ്ഥമാക്കി. കേരളത്തിലുടനീളവും കേരളത്തിനുപുറത്തും പരിപാടികള്‍ അവതരിപ്പിച്ചിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം അറബന സ്വന്തമായി നിര്‍മ്മിക്കുകയും കുത്ത് റാത്തീബ് ആയുധപ്രയോഗ വിദഗ്ദനുമായിരുന്നു. 1987ല്‍ 84-ാം വയസിലാണ് അദ്ദേഹം മരണപ്പെട്ടത്.