തിരുവനന്തപുരം: പൂജപ്പുരയോടും അനന്തപുരിയോടും വിടപറയാനൊരുങ്ങി നടന്‍ പൂജപ്പുര രവി. ശതാഭിഷേക നിറവിലേക്ക് അടുക്കുമ്പോഴാണ് ഇക്കാലമത്രയും ജീവിച്ച തന്റെ പേരിനൊപ്പമുള്ള പൂജപ്പുര എന്ന മേല്‍വിലാസത്തില്‍ നിന്നും രവി താമസം മാറ്റുന്നത്. മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയ്‌ക്കൊപ്പമായിരിക്കും ഇനി താമസം. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചു വളര്‍ന്ന കുടുംബ വീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിലാണ് ഇത്രയും നാള്‍ പൂജപ്പുര രവി താമസിച്ചിരുന്നത്.
എന്നാല്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് മറയൂരിലേക്കുള്ള മാറ്റം. ജനിച്ചു വളര്‍ന്ന പൂജപ്പുര വിട്ട് പോകുന്നതില്‍ വലിയ വിഷമമുണ്ടെന്ന് അഭിനയ കാരണവര്‍ പറഞ്ഞു. പക്ഷേ പ്രായത്തിന്റെ അവശതകള്‍ ഉള്ളതിനാല്‍ ഇവിടെ തനിച്ച് താമസിക്കാനാകില്ല. അതിനാലാണ് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി താമസം മാറാന്‍ തയ്യാറായതെന്ന് അദ്ദേഹം വ്യക്തമാക്കി.
21ന് തലസ്ഥാനം വിടുന്ന അദ്ദേഹത്തിന് യാത്രാ മംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേംകുമാര്‍ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ എന്നും പൂജപ്പുര രവി പറഞ്ഞു.