പ്രവാചകന്‍റെ സഹിഷ്ണുതയുടെ സന്ദേശം പ്രകാശിപ്പിക്കുക: ശൈഖ് ബദര്‍ നാസര്‍ അല്‍ അനസി

Kozhikode

എടവണ്ണ: അനീതിയും ക്രൂരതയും പടരുന്ന കാലത്ത് പ്രവാചകന്റെ സഹിഷ്ണുതയുടെ സന്ദേശം ജീവിതത്തിലൂടെ പ്രകാശിപ്പിക്കാന്‍ യുവതലമുറ മുന്നോട്ടു വരണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസര്‍ അല്‍ അനസി ആവശ്യപ്പെട്ടു. എടവണ്ണ ജാമിഅ നദ്‌വിയ്യഃയില്‍ ദ്വിദിന അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഞ്ഞുങ്ങളേയും സ്ത്രീകളെയും നിഷ്‌ക്കരുണം കൊല്ലുന്ന ക്രൂരതയുടെ ലോകത്ത് നബിയുടെ കരുണയുടെ പാഠങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക. തീവ്ര ചിന്തകള്‍ വികൃത മനസ്സില്‍ നിന്നും ഉണ്ടാകുന്നതാണ്. നബി ജീവിതം വായിക്കാതെയാണ് പലരും പ്രവാചകനെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത്. നബി ജീവിതം ദുര്‍വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. നബിജീവിതം ആഴത്തില്‍ പഠിക്കാന്‍ സമൂഹം തയ്യാറാവണം.

പ്രവാചക ജീവിതത്തിന്റെ തിളക്കവും തെളിച്ചവുമാണ് ഹദീസ് വിജ്ഞാനീയങ്ങളില്‍ കാണുന്നത്. ഹദീസ് ഗവേഷണ രംഗത്ത് ഇന്ത്യന്‍ പണ്ഡിതര്‍ നടത്തിയ സേവനങ്ങള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിനായി സുഊദി ചെയ്യുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ ആള്‍ ഇന്ത്യ അഹ്‌ലേ ഹദീസ് പ്രസിഡന്റ് മൗലാന അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി മുഖ്യാഥിതിയി. കെ. എന്‍. എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ലക്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ പ്രൊഫസര്‍ മൗലനാ അബ്ദുറഷീദ് നദ്‌വി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ. എന്‍. എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി, ജാമിഅ നദ്‌വിയ്യഃ മാനേജിങ് ട്രസ്റ്റി നൂര്‍ മുഹമ്മദ് നൂര്‍ഷാ, ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി അബ്ദുസ്സമദ് സുല്ലമി, കെ. എന്‍. എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, കെ. ജെ. യു സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി, കെ. ജെ. യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹ്‌യുദ്ധീന്‍ മദനി കെ. എന്‍. എം സംസ്ഥാന സെക്രട്ടറി ഡോ. എ. ഐ അബ്ദുല്‍ മജീദ് സ്വലാഹി, ജാമിഅ നദ്‌വിയ്യഃ ഡയറക്ടര്‍ ആദില്‍ അത്തീഫ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന വൈജ്ഞാനിക സെഷനുകളില്‍ ഡോ. ബഷീര്‍ മാഞ്ചേരി, ഡോ. ഇഖ്ബാല്‍ അഹ്മദ് മദനി, ഡോ. അബ്ദുല്‍ മുനീര്‍ മദനി, ഹാഫിസ് മുഹമ്മദ് ഹാഷിം മദനി, ഡോ മുഹമ്മദ് രായിന്‍ സ്വലാഹി, ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. സയ്യിദ് റാഷിദ് നസീം, ഡോ. അബ്ദുല്‍ ഹാദി, ഡോ. മുഹമ്മദലി അന്‍സാരി, അബ്ദുല്‍ അസീസ് മദീനി, ഖുദ്‌റതുല്ലാഹ് നദ്‌വി, അബ്ദുറസാഖ് ബാഖവി, കൊമ്പന്‍ മുഹമ്മദ് മൗലവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപന ദിവസമായ നാളെ പ്രമുഖ ഹദീസ് പണ്ഡിതരും ഗവേഷകരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.