എ വി ഫര്‍ദിസ്
കോഴിക്കോട്: തന്‍റെ പുതിയ വാണിജ്യസംരംഭത്തിന് ഒരു നിര്‍ദ്ധന യുവതിയുടെ വിവാഹം നടത്തി തുടക്കം കുറിക്കാന്‍ സഊദി പ്രവാസി. റിയാദ് കേന്ദീകരിച്ച് ഭക്ഷ്യോല്പന്ന വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന, ഹരിതം ഫുഡ്സ്സിന്റെ ചെയര്‍മാന്‍ കെ വി വിശ്വനാഥനും ഭാര്യ ഷീബ വിശ്വനാഥനുമാണ് തീര്‍ത്തും അനുകരണീയവും വേറിട്ടതുമായ ഈ പ്രവര്‍ത്തിയിലൂടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മാതൃകയായിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി സൗദി അറേബ്യ കേന്ദ്രീകരിച്ച് ഗള്‍ഫിലെ ഭക്ഷ്യോല്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹരിതം. സഊദി അറേബ്യയില്‍ നിന്ന് തുടങ്ങി ബഹ്‌റൈന്‍, യു.ഏ.ഇ, കുവൈത്ത്, ഇന്ത്യ, ബ്രിട്ടനില്‍ വരെ വിശ്വസ്ത നാമമായി മാറിയിരിക്കുകയാണ് ഹരിതം ഇപ്പോള്‍.
ഇവരുടെ പുതിയ സംരംഭമാണ് ഈ ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന കോഴിക്കോട് പുത്തൂര്‍ മഠത്തെ 40,000 സ്‌കായര്‍ ഫീറ്റില്‍ പണി കഴിപ്പിച്ചിട്ടുള്ള റിഥം ഇവന്റ് ഗലേറിയ ഏ.സി ഓഡിറ്റോറിയം. 850 പുഷ് ബാക് സീറ്റിംഗ് കപാസിറ്റിയുള്ള ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സെലിബ്രിറ്റി ഇവന്റുകള്‍ ഒഴിവാക്കി അതിനു പകരമായാണ് ഇതിനു വരുന്ന പണമുപയോഗിച്ച് മൂന്ന് നിര്‍ദ്ധനരായ യുവതികളുടെ വിവാഹം, നടത്തുവാനുള്ള തീരുമാനത്തിലെത്തിയതെന്ന് കെ.വി. വിശ്വനാഥന്‍ പറഞ്ഞു.
ഡ്രീംസ് ഓഫ് റിഥം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ മൂന്നു വിവാഹമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വയനാട്ടില്‍ നിന്നുള്ള ഫാത്തിമത്ത് റിസാനയുടെ വിവാഹമാണ് ആദ്യം നടത്തുന്നത്. സാധാരണ കാണുന്ന സമൂഹ വിവാഹങ്ങള്‍ക്ക് പകരം ഞായറാഴ്ച റിഥം ഗലേറിയ ഇവന്റിന്റെ ഉദ്ഘാടന ശേഷം അവിടെ ഈ പെണ്‍കുട്ടിയുടെ വിവാഹം നടക്കും. നിര്‍ധന നായ ഒരു ഓട്ടോ ഡ്രൈവറുടെ മകളാണ് ഈ കുട്ടി.
വിവാഹത്തിനു വേണ്ട എല്ലാവിധ ഒരുക്കങ്ങളുമാണ് കെ.വി. വിശ്വനാഥന്‍ എന്ന പ്രവാസി വഹിക്കുന്നത്. അടുത്ത ഏപ്രില്‍ 6 നുള്ളില്‍ മറ്റ് രണ്ട് അര്‍ഹതപ്പെട്ട പെണ്‍കുട്ടികളെയും കണ്ടെത്തി വിവാഹം നടത്തി കൊടുക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഈ പദ്ധതി ഹരിതത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി,തുടര്‍ച്ചയായി നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ഉദ്ഘാടനങ്ങളോടു ബന്ധിച്ച് ആഘോഷ പരിപാടികള്‍ നടത്തി, ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന ഒരു പതിവില്‍ നിന്ന് വിപരീതമായുള്ള ഈ സഊദി പ്രവാസി മലയാളിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാകുകയാണ്.
റിഥം ഇവന്റ് ഗലേറിയയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തിന് എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ടി. ഏ റഹീം എം.എല്‍ എ, മേയര്‍ ബീനാ ഫിലിപ്പ്, സെയ്ദ് ബിന്‍ റജബ് അല്‍ മാലിക്കി (സഊദി അറേബ്യ), സഅദ് ലാഫി അല്‍ മുതൈരി(കുവൈത്ത്) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.