ചിന്ത / ഡോ: ആസാദ്
സഹകരണത്തില്‍ രാഷ്ട്രീയമില്ല എന്ന് മുസ്ലീംലീഗ് തീരുമാനിച്ചിരിക്കുന്നു. ഇത് സി പി എമ്മുമായുള്ള പരസ്യബന്ധമായി മാറ്റുന്നതിലും ലീഗ് നേതാക്കള്‍ക്ക് എതിര്‍പ്പില്ല. ജനങ്ങള്‍ക്കിടയില്‍ നേരത്തേ രൂപപ്പെട്ട സംശയം തീര്‍ത്തും ശരിയാണെന്ന് ബോദ്ധ്യമാക്കുന്ന തീരുമാനമാണിത്. ഒരു രഹസ്യ ബന്ധം മറനീക്കി പുറത്തു വരികയാണ്.
ലീഗിലെ ചില നേതാക്കള്‍ക്ക് രാത്രി ഉറക്കം നഷ്ടപ്പെട്ടിട്ട് കുറെയായി. കരിവെന്നൂര്‍ ബാങ്ക് തട്ടിപ്പിലെ അന്വേഷണങ്ങളോട് അസഹിഷ്ണുത കാണിച്ച പ്രതിപക്ഷ പാര്‍ട്ടിയാണ് ലീഗ്. എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് കെ ടി ജലീല്‍ പറഞ്ഞതൊന്നും ആരും മറന്നിട്ടില്ല. ജലീല്‍ മുഴുവന്‍ തട്ടിപ്പും പുറത്തുകൊണ്ടുവന്ന് ലീഗിനെ മൂലയിലിരുത്തിയേ അടങ്ങൂ എന്ന് വാശി പിടിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രി ശാസിക്കുന്നു. ജലീലിനെ മൂലയിലിരുത്തുന്നു. കുഞ്ഞാലിക്കുട്ടി പഴയ വിരോധം മറന്ന് ജലീലിനെ പുണരാനെത്തുന്നു. എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ് തല്‍ക്കാലം ഒതുക്കപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടി
സഹകരണ മേഖലയില്‍ ഒരേ താല്‍പ്പര്യമാണ് ലീഗിനും സി പി എമ്മിനും എന്നാണ് ലീഗ് നേതാവ് പറയുന്നത്. ആ താല്‍പ്പര്യം തട്ടിപ്പിന്റേതാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍. ലീഗ് നേതാവായ കെ എം ഷാജിയെ ഓടിച്ചു വേട്ടയാടിയ പാര്‍ട്ടിയാണ് സി പി എം. ലീഗിനെപ്പറ്റി പറയാന്‍ മൃഗരൂപകങ്ങള്‍ തേടുന്ന സോഷ്യല്‍ മീഡിയാ സംഘമാണ് അവരുടേത്. പക്ഷേ, പണത്തിനു മേല്‍ പറക്കില്ലല്ലോ ഒരു പറവയും. കുഞ്ഞാലിക്കുട്ടിയെ ഏത് കേസിലും തുണയ്ക്കാന്‍ സി പി എമ്മുണ്ടാകും. അതാണ് ചരിത്രം. ഇപ്പോഴും സി പി എമ്മിന്റെ എച്ചില്‍മധുരത്തിന് പിന്‍വാതിലില്‍ കാത്തു കിടപ്പാണ് ലീഗ്.
കെ എം ഷാജി
എന്തുകൊണ്ടാണ് സഹകരണ മേഖലയില്‍ മാത്രം ഐക്യം? ആസൂത്രണ ബോര്‍ഡിലും സകല കോര്‍പറേഷനുകളിലും അക്കാദമികളിലും ലീഗിന് പ്രാതിനിധ്യം നല്‍കിക്കൂടെ? ലീഗിന് അത് വാങ്ങിക്കൂടെ? പ്രതിപക്ഷ മുന്നണിയില്‍ തുടര്‍ന്നുകൊണ്ട് ഭരണപക്ഷ പിണിയാളാവുന്ന നാണംകെട്ട പണിയെക്കാള്‍ മുന്നണി മാറുന്നതാണ് ഭേദം. യു ഡി എഫിന്റെ മുന്‍നിരയിലും സി പി എമ്മിന്റെ പിന്‍വാതിലിലും എന്ന കുഞ്ഞാലിക്കുട്ടിയുടെ ഇരിപ്പിടംപോലെ അശ്ലീലമായ ഒരു രാഷ്ട്രീയക്കാഴ്ച്ച വേറെയുണ്ടോ?
കെ ടി ജലീല്‍