തൃശൂര്‍: എട്ടുവയസുകാരി ഫോണ്‍ പൊട്ടിത്തെറിച്ചല്ല മരിച്ചതെന്ന ഫോറന്‍സിക് ഫലത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കുട്ടിയുടെ പിതാവ്. തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിലാണ് രക്ഷിതാവ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ബാറ്ററിക്ക് കേടില്ലെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം. ഇതിനെതിരെയാണ് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവിശ്വസനീയമാണെന്ന് പിതാവ് അശോകന്‍ പറഞ്ഞു. മകളുടെ മരണം നടന്നതിന് പിന്നാലെ വിശദ പരിശോധന നടന്നിരുന്നു. അപകടം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസും അന്ന് പറഞ്ഞ്. ഇപ്പോള്‍ മറ്റൊരഭിപ്രായം പറയുന്നത് എങ്ങനെ എന്ന് അറിയില്ല. അശോകന്‍ പറഞ്ഞു.
ഫോണ്‍ പൊട്ടിത്തെറി നടന്ന മുറിയില്‍ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഫോറന്‍സികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ഫോറന്‍സിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിരിക്കുകയാണ്.
കുട്ടി പന്നിപ്പടക്കം പൊട്ടിയാണ് മരിച്ചതെന്നാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്മേല്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് തിരുവില്വാമലയില്‍ എട്ടു വയസുകാരി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ മരിച്ചത്. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. വലതു കൈവിരലുകള്‍ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിരുന്നു.