ചിന്ത / എ പ്രതാപന്‍
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ണൂരിലെത്തിയപ്പോള്‍ നഗരപ്രാന്തത്തിലെ കക്കാട് എന്ന സ്ഥലത്താണ് താമസിക്കാനിടയായത്. അവിടേക്കുള്ള ബസ്സിന്റെ ബോര്‍ഡുകളില്‍ കക്കാട് പുഴ എന്നാണ് എഴുതിയിരുന്നത്. പക്ഷേ ഒരു പുഴയും അവിടെ ഒഴുകുന്നുണ്ടായിരുന്നില്ല. പണ്ട് ഒഴുകി, പിന്നെ വറ്റിപ്പോയി , ആളുകള്‍ മറന്ന്, ബസ്സിന്റെ ബോര്‍ഡില്‍ മാത്രം അവശേഷിച്ച ഒരു പുഴയായിരുന്നു കക്കാട് പുഴ. പിന്നെ അത് ബോര്‍ഡില്‍ നിന്നും അപ്രത്യക്ഷമായി, പൂര്‍ണ്ണമായി മരിച്ചു. ഇപ്പോള്‍ ഓര്‍മ്മകളിലും ഇല്ല.
ഒഴുക്കുകള്‍ നിലയ്ക്കുമ്പോള്‍ പുഴകള്‍ മാത്രമല്ല, ചില നഗരങ്ങള്‍, നാഗരികതകള്‍ ഒക്കെ മരിച്ചു പോകാറുണ്ട്. പഴയ വളപട്ടണത്തെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഒരു പ്രേത നഗരിയിലൂടെ നടക്കുന്നതു പോലെ തോന്നാറുണ്ട്. ആളനക്കമില്ലാത്ത വഴികള്‍, അടഞ്ഞു കിടക്കുന്ന വലിയ പാണ്ടികശാലകള്‍, പുല്ലുകള്‍ കിളിര്‍ത്ത മേല്‍ക്കൂരകള്‍ …. ഒരിക്കല്‍ ജനനിബിഡമായിരുന്ന , പൗരാണിക മഹിമകള്‍ പേറുന്ന ഒരു കച്ചവട നഗരം ഇപ്പോള്‍ വിസ്മരിക്കപ്പെട്ടു പോയി , കുറച്ചു ദൂരെ വളപട്ടണം പുഴയില്‍ ഒരു പുതിയ പാലവും റോഡും വന്നപ്പോള്‍ , എല്ലാ ഒഴുക്കുകളും അതിലേ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍. പുതിയ സമുദ്ര പാതകള്‍ കണ്ടുപിടിക്കപ്പെട്ടതോടെ, വിസ്മരിക്കപ്പെട്ടു പോയ രാജ്യങ്ങളുടെ കഥകള്‍ പഴയ ചരിത്രത്തിന്റെ ഏടുകളില്‍ ഉണ്ട്.
വറ്റിപ്പോയ ഒരു പുഴ പോലെ, ആളനക്കം നിലച്ച ഒരു വഴി പോലെ, ഒഴുക്കുകളും ആരവങ്ങളും നിലച്ച്, അകന്നു പോയി , മൗനത്തിലേക്കും മറവിയിലേക്കും വീണു പോയ മനുഷ്യരെ കണ്ടിട്ടുണ്ട്. ഏറെക്കാലം ജീവിച്ച ഒരു നഗരത്തില്‍ നിന്നകന്ന് പോയി പിന്നെ തിരിച്ചു വരുന്ന ഒരു ദിവസം , ഒരിക്കല്‍ ദിവസവും നടന്ന അതിന്റെ വഴിത്താരകളിലൂടെ തികച്ചും അപരിചിതനായി നടക്കുമ്പോള്‍ ഒരാള്‍ക്ക് താന്‍ മരിച്ചു കഴിഞ്ഞ ഒരാള്‍ എന്ന് ചിലപ്പോള്‍ തോന്നിപ്പോകുന്നു.