ചിന്ത / ഡോ: ആസാദ്
മതിജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണപുരോഗതി വിലയിരുത്താനും ജനാഭിപ്രായം തേടാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നാകെ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നു. ജനാധിപത്യ ചരിത്രത്തിലെ അത്യപൂര്‍വ്വ ഭരണനിര്‍വ്വഹണ പ്രക്രിയയാണത്രെ നവകേരള സദസ്സ്.
അപ്പോള്‍ ഇതൊരു ഭരണനിര്‍വ്വഹണ പ്രക്രിയയാണ്. ആ പ്രക്രിയ നമുക്ക് പരിചിതമല്ല. മുമ്പ് ഒരു സര്‍ക്കാറും ഇതുപോലെ ചെയ്തിട്ടില്ല. ഒരു നിയോജക മണ്ഡലത്തില്‍ ഒന്നര മണിക്കൂര്‍ ചെലവഴിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനാഭിപ്രായം തേടുന്നത് എങ്ങനെ എന്നറിയാന്‍ കൗതുകമുണ്ട്. ഇത് പഴയ ജനസമ്പര്‍ക്ക പരിപാടിയല്ല. അങ്ങനെ ആയിരക്കണക്കിനു പേര്‍ പ്രശ്‌നങ്ങളുമായി മുഖ്യമന്ത്രിയെ പൊതിയില്ല. ഓരോരുത്തരുടെ പ്രശ്‌നവും കേട്ടുകേട്ടു പോകാന്‍ ഇത് പഴയ കമ്യൂണിസ്റ്റ് നേതാവല്ല. ഉമ്മന്‍ചാണ്ടിപോലുമല്ല. ഒന്നര മണിക്കൂറില്‍ എല്ലാത്തിനും സമയവും കാണില്ല. പൗരപ്രമുഖരുടെ പ്രശ്‌നം കേള്‍ക്കാന്‍തന്നെ വേണ്ടത്ര സമയമില്ല. പാര്‍ട്ടിബന്ധുക്കള്‍ക്ക് ഇരുന്ന്കയ്യടിച്ചാല്‍ മതിയാവും. നേര്‍ക്കാഴ്ച്ചയില്‍ ഭരണപുരോഗതി അങ്ങനെ ഉറപ്പിക്കാം.
മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ആലിബാബയും കൂട്ടുകാരുമല്ല. പക്ഷേ, ആ ശൈലിയിലാണ് പറഞ്ഞു കേള്‍ക്കുന്നത്. ആ കൗതുകം കാണാതിരിക്കില്ല. കേരളത്തില്‍ കായംകുളം കൊച്ചുണ്ണിക്കില്ല ഇത്ര ഭക്തജനം. മാസപ്പടി, ഡോളര്‍ കടത്ത്, ലൈഫ് മിഷ്യന്‍ അഴിമതി, എ ഐ ക്യാമറ അഴിമതി, സഹകരണബാങ്ക് കൊള്ള, സ്വജനങ്ങളെ ജോലിയില്‍ തിരുകിക്കയറ്റല്‍, കണ്ണില്ലാതെ കടം വാങ്ങല്‍, കേരളത്തെ പണയം വെക്കല്‍, നിത്യനിദാനത്തിനു വഴിയില്ലാതെ ക്ലേശിക്കുമ്പോള്‍ കാരണഭൂതങ്ങളുടെ ധൂര്‍ത്ത് എന്നിങ്ങനെ ആരോപണങ്ങള്‍ നേരിടുമ്പോള്‍ ‘ആരുണ്ടിവിടെ ചോദിക്കാന്‍’ എന്ന മട്ടിലുള്ള യാത്രയാണ്. മോടി കൂടിയ യാത്ര.
ഇത് മെഗാഷോയാണ്. ഒരു പ്രദര്‍ശനത്തിലും ഇന്നോളം എവിടെയും അങ്ങനെയൊരു സംഘം സ്വയംപ്രദര്‍ശന വാഞ്ഛയോടെ എത്തിയിട്ടില്ല. പ്രത്യേകം പണിയിച്ച ആഡംബരക്കൂട്ടിലാവും യാത്ര. ചലിക്കുന്ന പ്രദര്‍ശന കാബിനറ്റ്. ട്രാഫിക്/വാഹന നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയല്ല. കേരളം ഭരിക്കുന്നവര്‍ക്കും ബന്ധുക്കള്‍ക്കും എന്തുമാവാം. നിയമം എങ്ങനെ പുല്ലുപോലെ ലംഘിക്കാം എന്നു കാണിക്കുന്നതാവും പ്രദര്‍ശന യാത്ര. ആഡംബര ബസ്സുകള്‍ കൈകാണിച്ചു നിര്‍ത്തി നിറവും നിയമവും നോക്കുന്ന ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ആ വഴി കാണില്ല. ഭരണപുരോഗതിയുടെ വാഹനമാണത്. കുതിക്കുകയാണ് യാഗാശ്വം.
പ്രതിപക്ഷമുണ്ടോ? കൊള്ളയും ധൂര്‍ത്തും സ്വജന പക്ഷപാതവും താന്‍പ്രമാണിത്തവും പിടിച്ചുപറിയും തടയാന്‍ പുറത്തിറങ്ങുന്നുണ്ടോ അവര്‍? ഉശിരുണ്ടെങ്കില്‍ പിടിച്ചു കെട്ടിക്കോ എന്ന മട്ടിലല്ലേ യാത്ര! മറിയക്കുട്ടി മതി ഒന്നു തടഞ്ഞു നിര്‍ത്തി ചോദിക്കാനെന്ന് കേരളം കണ്ടു. പക്ഷേ, എത്ര മറിയക്കുട്ടിമാര്‍ കാണും ആത്മാഭിമാനവും ധൈര്യവും ചോരാതെ കാക്കുന്നവര്‍ എന്നു കണ്ടറിയണം.
ഇനി മെഗാ ഷോയുടെ ദിവസങ്ങള്‍. മാദ്ധ്യമങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു. പൗരപ്രമുഖരും തയ്യാര്‍. സഞ്ചരിക്കുന്ന കാഴ്ച്ചബംഗ്ലാവിലേക്ക് കണ്ണു പായിച്ചോളൂ. പരിഭവം വേണ്ട. എല്ലാ നിയോജകമണ്ഡലത്തിലും വരും. കാത്തിരിപ്പിന്‍!