വയനാട് കാര്‍ണിവല്‍ ഡിസംബര്‍ 23 മുതല്‍ 31 വരെ പനമരത്ത്

Wayanad

കല്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സും ഓര്‍ബിറ്റ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി പനമരം മാജിക് വില്ലേജില്‍ വച്ച് ഡിസംബര്‍ 23 മുതല്‍ 31 വരെ വയനാട് കാര്‍ണിവല്‍ ആന്‍ഡ് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റ് എന്ന മെഗാ ഇവന്റ് നടത്തുമെന്ന് സഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 23 വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന കാര്‍ണിവല്‍ ഡിസംബര്‍ 31നു പുതുവത്സര പിറവിയോട് കൂടി അവസാനിക്കും.

കാര്‍ണിവല്‍ ദിവസങ്ങളില്‍ ഇന്ത്യയിലെവിദ്യാഭ്യാസ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍, വയനാട് ജില്ലയുടെ സമഗ്ര വികസനം ചര്‍ച്ച ചെയ്യപ്പെടുന്ന മീഡിയ സെമിനാര്‍, ട്രൈബല്‍ ദിനാഘോഷം, വനിതാദിനം, സംസ്ഥാനത്തെ മോഡലിംഗ് രംഗത്തെ അതികായന്മാര്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഫാഷന്‍ ഷോ, ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍, സ്ത്രീകള്‍ക്കായി കുക്കറി കോമ്പറ്റീഷന്‍ പെറ്റ് ഷോ, വയനാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാറായ കുട്ടികളുടെ കലാസംഗമം തുടങ്ങി വിസ്മയങ്ങള്‍ ആയ പരിപാടികള്‍ ആണ് സംഘാടകര്‍ അണിയറയില്‍ ഒരുക്കിയിരിക്കുന്നത്.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി ചെയര്‍മാന്‍ ആയും, ഇ പി മോഹന്‍ ദാസ്, ഫാദര്‍ വര്‍ഗീസ് മറ്റമന, ജേക്കബ് വര്‍ക്കി, അഡ്വക്കേറ്റ് പി അനുപമന്‍, റോയ് എം. ചെറിയാന്‍ റീന മച്ചാന്‍, മീതു റോബര്‍ട്ട്, അഡ്വക്കേറ്റ് ഈശോ ചെറിയാന്‍ തുടങ്ങിയവര്‍ ഭാരവാഹികളായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം കൊടുത്തു. താമസിയാതെ പനമരത്ത് വച്ച് MLA മാര്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായിയുടെ ഭാരവാഹികള്‍, സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്വാഗതസംഘം ഉടന്‍ രൂപീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിപാടി വയനാട് ജില്ലയുടെ ഉത്സവമാക്കി മാറ്റി തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മാത്രമല്ല ജില്ലയിലേക്ക് ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ ഈ പരിപാടിക്ക് സാധിക്കും. വിവിധ ദിവസങ്ങളിലായി കേരളത്തിലെ മന്ത്രിമാര്‍, സാംസ്‌കാരിക നായകന്മാര്‍, ചലച്ചിത്ര താരങ്ങള്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സാമുദായിക നേതാക്കന്മാര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ വയനാട് ജില്ലയിലെ മികച്ച ഗായകനെയും ഗായികയും തിരഞ്ഞെടുക്കുന്ന മാജിക് സ്റ്റാര്‍ സിംഗര്‍ മികച്ച ചിത്രകാരനെ തിരഞ്ഞെടുക്കുന്ന ഡാവിഞ്ചി സ്റ്റാര്‍ മത്സരവും നടത്തപ്പെടും.

വാര്‍ത്താസമ്മേളനത്തില്‍ ഫാ വര്‍ഗ്ഗീസ് മറ്റമന, ജേക്കബ് വര്‍ക്കി, അഡ്വ ഇശോ എം ചെറിയാന്‍, ജോണി പാറ്റാനി എന്നിവര്‍ പങ്കെടുത്തു.