ബംഗളൂരു: രണ്ടാം ക്ലാസുകാരി സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് മരിച്ചു. മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്പാര്‍ ചെമ്പിലേക്ക് വ്യാഴാഴ്ചയാണ് വിദ്യാര്‍ഥിനി വീണത്. ഗുരുതര പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിദ്യാര്‍ഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മകള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നും ആരോഗ്യ നില വഷളായതോടെ ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുട്ടി സമ്പാര്‍ പാത്രത്തില്‍ വീണതുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മ സംഗീത ശിവപ്പ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെ അടുക്കള ജീവനക്കാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍, അഫ്‌സല്‍പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍, അഫ്‌സല്‍പൂര്‍ താലൂക്ക് പഞ്ചായത്ത് ഓഫീസര്‍, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഭക്ഷണത്തിനായി തടിച്ചുകൂടിയപ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ തിക്കിലും തിരക്കിലും പെട്ടാണ് മകള്‍ സാമ്പാര്‍ ചെമ്പിലേക്ക് വീണതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു.