ഡിസംബര്‍ ആറിന് തൃശൂരില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ വയനാട്ടുകാര്‍ അണിചേരും

Wayanad

കല്പറ്റ: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഡിസമ്പര്‍ 6ന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കല്പറ്റയില്‍ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം നടന്നു. വര്‍ത്തമാന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഒരു പ്രത്യക്ഷ അടിയന്തിരാവസ്ഥ ഇല്ലെങ്കിലും അതിനുമപ്പുറം എത്തി നില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനത്തിന്റെ സംഘാടക പ്രവര്‍ത്തനങ്ങളും സംസ്ഥാന സംഘാടക സമിതി അംഗം വേണുഗോപാല്‍ കുനിയില്‍ വിശദീകരിച്ചു.

ഒരു ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിനുപരിയായി അത് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മതേതര മുന്നണിയുടെ സംഘടനാ രൂപം യാഥാര്‍ത്ഥ്യമാക്കുന്നതിനും പരിസ്ഥിതി, ഭൂരാഹിത്യം, ഫെഡറല്‍ സംവിധാനത്തിനകത്തെ അവിശുദ്ധ നീക്കുപോക്കുകള്‍ തുടങ്ങി പുരോഗമനാത്മക ജനാധിപത്യ സമൂഹം ശക്തിപ്പെടുന്നതിന് വിഘാതമായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

കെ വി പ്രകാശ് സ്വാഗതം പറഞ്ഞു. വര്‍ഗ്ഗീസ് വട്ടേക്കാട് അധ്യക്ഷത വഹിച്ചു. പി.ജി. മോഹന്‍ദാസ് ചെയര്‍മാനായും എം.കെ ഷിബു കണ്‍വീനറായും, പി.സി. ജോണ്‍ മാസ്റ്റര്‍, ബിജി ലാലിച്ചന്‍ (വൈ. ചെയര്‍പേര്‍സണ്‍സ്), രാജന്‍ പൂമല, എം.കെ. കൃഷ്ണന്‍ കുട്ടി (ജോ. കണ്‍വീനര്‍മാര്‍), ആയും സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

സമാന നിലപാടുകള്‍ സൂക്ഷിക്കുന്നതും എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതുമായ സുഹൃത്തുക്കളെയും സംഘടനകളെയും ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലമാക്കാന്‍ തീരുമാനിച്ചു. എം.കെ. ഷിബു നന്ദി പറഞ്ഞു.