ദുബൈ: യു എ ഇയില്‍ സന്ദര്‍ശക വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രയാസത്തിലായി. ഷാര്‍ജ, അബുദാബി എമിറേറ്റുകളിലാണ് പുതിയ നിര്‍ദ്ദേശം നിലവില്‍ വന്നത്.
ഇതോടെ വിസ പുതുക്കുന്നതിനായി എമിറേറ്റ്‌സിന്റെ തൊട്ടടുത്ത പ്രദേശമായ ഒമാനിലേക്ക് വിസിറ്റുകാര്‍ യാത്ര ചെയ്യുകയാണ്. ബസ് വഴിയും ആകാശ മാര്‍ഗവും ഒമാനിലെത്തുന്നവരുടെ എണ്ണം ഇതോടെ ഉയരുകയാണ്. ബസുകളില്‍ സീറ്റില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും പറയുന്നു. പുതിയ നിയമം വന്നതോടെ ഉണ്ടായ അധിക ചെലവ് തരണം ചെയ്യാന്‍ ഒമാനിലേക്ക് ബസ് മാര്‍ഗം പ്രവേശിക്കാനാണ് കൂടുതല്‍ വിദേശികളും ശ്രമിക്കുന്നത്.
യു എ ഇയില്‍ നിന്ന് ഒമാനിലേക്ക് ടാക്‌സികളെ ആശ്രയിക്കുന്നവരുമുണ്ട്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതോടെയാണ് വിസ പുതുക്കാനായി ആളുകള്‍ ഒമാനിലേക്ക് പോകുന്നത്. 800 ദിര്‍ഹം മുതലാണ് യു എ ഇയില്‍ നിന്ന് ഒമാനിലേക്കുള്ള ടാക്‌സി നിരക്ക്.