മുസ്‌ലിം സംവരണം കുറക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ഐ എസ് എം

Kozhikode

കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം സമുദായത്തിന്റെ സംവരണം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം കടുത്ത അനീതിയും പ്രതിഷേധാര്‍ഹവുമാണെന്ന് ഐ എസ് എം. വിദ്യാഭ്യാസ, തൊഴില്‍, അധികാര മേഖലകളില്‍ നിലവില്‍ തന്നെ അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നത് കടുത്ത നീതി നിഷേധമാണ്.

കെടാവിളക്ക് എന്ന പേരില്‍ കേരള സര്‍ക്കാര്‍ നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് മുസ്ലിം സമുദായം അപ്രത്യക്ഷമായതും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതും അടക്കമുള്ള ഈ നീതി നിഷേധം ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ എടുത്തുകളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുമ്പോള്‍ ചേര്‍ത്തുപിടിക്കേണ്ടവര്‍ അവഗണനയും കടന്ന് അകറ്റി നിര്‍ത്തലിലേക്കാണ് പോകുന്നത്. 80:20 സ്‌കോളര്‍ഷിപ്പ് വിഷയത്തിലും സര്‍ക്കാര്‍ നിലപാട് സമുദായ വിരുദ്ധമാണ്. നിരന്തരമായി തുടരുന്ന ഈ കടുത്ത അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍, ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സ്വലാഹി എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.