വിവാഹത്തില്‍ നിന്ന് വധു പിന്മാറി; ആഘാതത്തില്‍ ഓട്ടോഡ്രൈവറായ വരന്‍ മരിച്ചു

Crime

ലക്‌നൗ: വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വധു പിന്‍മാറിയതിലുള്ള ആഘാതത്തില്‍ ഓട്ടേഡ്രൈവറായ വരന്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബുവാണ് വിവാഹം മുടങ്ങിയ ആഘാതത്തില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

പാല്‍ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്റെ വിവാഹം നവംബര്‍ 29ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനിടെ നവംബര്‍ 18ന് പ്രതിശ്രുതവധുവുമായി ഇയാള്‍ പുറത്ത് പോയി. ഈ സമയം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയുമായിരുന്നു.

അന്ന് വൈകുന്നേരത്തോടെ യുവാവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രിയോടെ മരിക്കുകയുമായിരുന്നു.

അതേസമയം യുവതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി യുവാവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.