ഈ കളിഭ്രാന്ത് തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോടുള്ള പരസ്യമായ കൂറ് പുലര്‍ത്തലാണ്

Articles

ചിന്ത / ഡോ: ജി ആര്‍ സന്തോഷ് കുമാര്‍

ടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച ഒരു പൊളിറ്റിക്കല്‍ പ്രസ്താവനയാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെത്. (അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചില്ലെങ്കിലും) ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇത്. പാറ്റ് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്, ‘നിങ്ങളുടെ തോല്‍വിക്കായി ഒരു ലക്ഷം കാണികള്‍ ചുറ്റും ആര്‍ത്തലയ്ക്കുമ്പോള്‍, അവരെ നിശബ്ദരാക്കുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്ന വിജയം സ്‌പോട്‌സില്‍ സ്വപ്നം കാണാനാവില്ല ‘.

ഒരു ഗെയിം തന്ത്രത്തേക്കാള്‍ ഇതൊരു ദര്‍ശനമാണ്. ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍, കളിക്കളങ്ങളില്‍ രൂപം കൊള്ളുന്ന പുതിയ ആള്‍കൂട്ടഭ്രാന്തിനെ തിരിച്ചറിയുന്ന ഒരു പ്രൊഫഷണല്‍ ടീം കാപ്റ്റന്റെ നിലപാടാണത്. ഈ ഭ്രാന്ത് കളിയോടുള്ള താല്പര്യത്തേക്കാള്‍ ഇന്ത്യയിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തോടുള്ള പരസ്യമായ കുറു പുലര്‍ത്തലാണ്. പാറ്റിന്റെ ആസ്‌ട്രേലിയന്‍ ടീം, നിര്‍മ്മമതയോടെ അവരുടെ പദ്ധതി വിജയകരമായി നടപ്പിലാക്കി ആര്‍ത്തലക്കുന്ന ആള്‍കൂട്ടത്തെ ഭയക്കുകയും, അതുവരെ നേടിയ അറിവും അനുഭവവും നൈപുണ്യവും നിരുപാധികം ഭയത്തിന് മുന്നില്‍ മുന്‍കൂറായി അടിയറ വെയ്ക്കുകയും ചെയ്യുന്ന സമകാലിക ഇന്ത്യന്‍ സമൂഹത്തിന് നല്ലൊരു പാഠമാണ് ആസ്‌ട്രേലിയന്‍ ടീം നല്‍കിയത്.

വൈഭവം, പരിശീലനം, തയ്യാറെടുപ്പ്, കരുത്ത്, ആത്മവിശ്വാസം, ബുദ്ധി, കൂട്ടായ്മ ഇവയൊക്കെ ഒത്തുചേര്‍ന്നാലും ഒരു വ്യക്തിയോ, കളിസംഘമോ വിജയിക്കണമെന്നില്ല. ടീമിനെ മുന്നോട്ട് നയിക്കുന്ന ആത്മബോധവും ദര്‍ശനമുണ്ടാവണം. ഭ്രാന്തമായ ഏത് ആള്‍കൂട്ടത്തിന് മുന്നിലും പതറാതെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ അത് സഹായിക്കും. സ്വയം തിരിച്ചറിവ്, ജീവിതവീക്ഷണം തുടങ്ങിയ മൂല്യങ്ങളാണ് സാങ്കേതികമായും പ്രൊഫഷണലായുമുള്ള തുല്യമായ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയികളെ നിശ്ചയിക്കുക. 1983ല്‍ ഇന്ത്യക്ക് ആദ്യ ലോകകപ്പ് വിജയം നേടിത്തന്ന ക്രിക്കറ്റ് ടീം അങ്ങനെയൊന്നായിരുന്നു.

സാങ്കേതിക മികവും പ്രൊഫഷണലിസവും മൂല്യബോധവും ഒത്തുചേര്‍ന്ന ടീം. ആ ടീമിന്റെ ക്യാപ്റ്റനായിരുന്ന കപില്‍ ദേവിനേയും ടിം മെമ്പര്‍മാരേയും ലോകകപ്പിന് ക്ഷണിച്ചിരുന്നില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ ടീം അതിനുള്ള മറുപടി കൂടിയാണ് നല്‍കിയത്. ആത്യന്തികമായി സ്‌പോട്‌സില്‍ രാജ്യങ്ങളില്ല, കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കളിക്കാര്‍ മാത്രമേയുള്ളു. 1983 ല്‍ ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് ഉയര്‍ത്തുമ്പോള്‍ ആവേശം കൊണ്ട് തുള്ളിച്ചാടിയ പഴയൊരു കപില്‍ദേവ് ആരാധകന്‍ ആസ്‌ട്രേലിയന്‍ ടീമിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.