സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നവരെ തീരുമാനിച്ച് അവരെ അകത്ത് കയറ്റിവിടാന്‍ ആരാണ് എസ് എഫ് ഐയ്ക്ക് അധികാരം നല്‍കിയത് ?

Articles

നിരീക്ഷണം / ഡോ : ആസാദ്

ലിക്കറ്റ് സര്‍വ്വകലാശാലാ സെനറ്റ് യോഗത്തില്‍ ആരു പങ്കെടുക്കണം എന്നു തീരുമാനിച്ച് അകത്തു കയറ്റിവിടാന്‍ ആരാണ് എസ് എഫ് ഐക്ക് അധികാരം കൊടുത്തത്? സര്‍വ്വകലാശാലയുടെ സുരക്ഷാ വിഭാഗവും പൊലീസും എവിടെയായിരുന്നു? ഒരു സെനറ്റ് മെമ്പറെയെങ്കിലും പുറത്ത് തടഞ്ഞുവെച്ച് അകത്ത് നടത്തുന്ന മീറ്റിംഗ് സാധുവാകുന്നതെങ്ങനെ?

ചാന്‍സലര്‍ തന്റെ നോമിനേഷന്‍ അധികാരം ബി ജെ പി അനുഭാവികളെയോ പ്രവര്‍ത്തകരെയോ നോമിനേറ്റ് ചെയ്യാന്‍ ഉപയോഗിച്ചതില്‍ കടുത്ത പ്രതിഷേധം ജനാധിപത്യവാദികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വ്വകലാശാല നിയമാനുസരണം സെനറ്റ് രൂപീകരണ വിജ്ഞാപനം പുറപ്പെടുവിക്കുകയും യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തശേഷം ചിലരെ മാത്രം തടയാന്‍ സ്വകാര്യസേനയായി എസ് എഫ് ഐയെ നിയോഗിച്ചതിന് വൈസ്ചാന്‍സലര്‍ മറുപടി പറയണം. ഇത് നീതീകരണമില്ലാത്ത പ്രവൃത്തിയാണ്.

സെനറ്റ് പ്രതിനിധികളായി പതിനെട്ടുപേരെ ചാന്‍സലര്‍ക്കു നോമിനേറ്റ് ചെയ്യാം. സര്‍വ്വകലാശാലാ പരിധിയിലെ രണ്ടു ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, രണ്ടു സ്‌കൂള്‍ അദ്ധ്യാപകര്‍, വിവിധ മേഖലകളില്‍ (ഗവേഷണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, വ്യവസായങ്ങള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, നിയമജ്ഞര്‍, കായിക പ്രതിഭകള്‍)നിന്നുള്ള എട്ടു പേര്‍, രണ്ടു ഭാഷാന്യൂനപക്ഷ (തമിഴ്, കന്നഡ) പ്രതിനിധികള്‍, നാലു വിദ്യാര്‍ത്ഥി ( ഹ്യൂമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ വിഭാഗങ്ങളില്‍ നല്ല മുന്നേറ്റം കാഴ്ച്ച വെച്ചവര്‍) പ്രതിനിധികള്‍ എന്നിവരാണവര്‍. ഇവരെ നോമിനേറ്റ് ചെയ്യേണ്ടത് സര്‍വ്വകലാശാലാ ആക്റ്റും സ്റ്റാറ്റിയൂട്ടും പ്രകാരം ചാന്‍സലറാണ്. അതില്‍ വരുന്ന അപാകം പരിഹരിക്കാന്‍ നിയമത്തിന്റെ വഴി തേടാം. പ്രക്ഷോഭങ്ങളുടെ വഴിയും തേടാം. അത് ചാന്‍സലറെ തിരുത്താനാണ്. നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ അവകാശം നിഷേധിക്കാനും അവരെ തടഞ്ഞു വെക്കാനും ശ്രമിക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും.

ഇങ്ങനെ പറഞ്ഞാല്‍, അത് സംഘികള്‍ക്കനുകൂലം എന്നു ചാപ്പകുത്തുന്ന വികല രാഷ്ട്രീയ ബോദ്ധ്യമേ ഭരണപക്ഷ സൈബര്‍ സേനകള്‍ക്കു കാണൂ. കൂടുതല്‍പേരെ സംഘികള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് അവര്‍ കുറെ കാലമായി നടത്തുന്നത്. ഇന്നത്തെ സെനറ്റ് അതിക്രമവും സംഘികള്‍ക്ക് കരുത്തുകൂട്ടും. വടക്കന്‍ സര്‍വ്വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളിലും ജനാധിപത്യ വിരുദ്ധമായ ഇത്തരം തടയലുകള്‍ക്ക് പ്രേരണയായും സാധൂകരണമായും ഇതു മാറും. ഇവിടെ കാവിയാണ് അകറ്റി നിര്‍ത്തേണ്ടതെങ്കില്‍ അവിടെ അവര്‍ക്ക് ചുവപ്പാവും. ബലം പ്രയോഗിച്ചുള്ള രണ്ടു തടയലും ജനാധിപത്യ രീതിയല്ല. ഭരിക്കുന്ന കക്ഷിയുടെ പ്രവര്‍ത്തകരും അനുഭാവികളും നിയമം കയ്യിലെടുക്കുന്നത് സ്വന്തം കക്ഷിയുടെ കഴിവിലുള്ള വിശ്വാസമില്ലായ്മ രേഖപ്പെടുത്തലാണ്. നിയമം പാലിക്കാന്‍ ബാദ്ധ്യതപ്പെട്ടവരുടെ ഉത്തരവാദിത്തം അട്ടിമറിക്കലാണ്. അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ചോര്‍ത്തിക്കളയലാണ്.

ചാന്‍സലറുടെ നിയമപ്രകാരമുള്ള അധികാരം തെറ്റായി പ്രയോഗിക്കുമ്പോള്‍ പ്രതിഷേധം ഉയരണം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശങ്ക പങ്കു വെക്കുന്നതും അവകാശം ചോദിച്ചു വാങ്ങുന്നതും സ്വാഗതാര്‍ഹമാണ്. ആ പ്രക്ഷോഭത്തിന് പിന്തുണ. എന്നാല്‍ ജനാധിപത്യ വിരുദ്ധമായ കടന്നുകയറ്റവും അധികാര പ്രയോഗവും കുറ്റകൃത്യമാണ്. അത് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ വാദികളുടെ ഉത്തരവാദിത്തമാണ്.