ചിത്രശലഭങ്ങളുടെ ഉദ്യാനം

Articles

യാത്ര/ടി കെ ഇബ്രാഹിം

ഷാര്‍ജയിലേക്കുള്ള അലസയാത്രയ്ക്ക് നിയതമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. പറ്റുമെങ്കില്‍ അല്‍ നൂര്‍ ദ്വീപിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൃക്ഷമുത്തച്ഛന്റെ ഫോസിലുകള്‍ കാണണം. അവിടത്തെ തന്നെ
മറ്റൊരാകര്‍ഷണമായ സില്‍ക്ക് ഫ്‌ലോസ് (Silk floos) വൃക്ഷങ്ങളും ചിത്ര ശലഭങ്ങളുടെ കാഴ്ചബംഗ്ലാവും. മരുഭൂമിയുടെ വന്യമായ ആവാസ വ്യവസ്ഥയില്‍ പെറ്റു പെരുകിയ വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങളുടെ കളകൂജനം കേട്ട് സായന്തനത്തിലെ പോക്കുവെയിലില്‍ തെളിയുന്ന കാടിന്റെ ഹരിതകാന്തിനുകരുക. ഇത്രയൊക്കെയേ കരുതിയിരുന്നുള്ളൂ.

അവധി ആഘോഷിക്കുന്നവരുടെയും കമിതാക്കളുടെയും ഒരു പറുദീസ കൂടിയാണിവിടം. സാമാന്യം വലിയ ഒരു പാലം കടന്നു വേണം ദ്വീപിലെത്താന്‍. ഷാര്‍ജ UAE ലെ തന്നെ എമറേറ്റാണെങ്കിലും ഹോസ്പിറ്റാലിറ്റിയില്‍ ദുബൈയേക്കാള്‍ മുന്നിലാണ് ഷാര്‍ജയിലെ ജനത എന്ന കേള്‍വി യാഥാര്‍ത്ഥ്യമെന്ന് ബോധ്യപ്പെടുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെയും പൊതുവെ ജനങ്ങളുടെയും പെരുമാറ്റം. ( ഇവിടെ നിന്നും ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെയെങ്കിലും നാട്ടിലെത്തിച്ച് നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കസ്റ്റമര്‍ കെയറിനെ സംബന്ധിച്ച് ക്ലാസെടുക്കാന്‍ സംവിധാനമുണ്ടാക്കിയാല്‍ നന്ന്) ഇവിടങ്ങളില്‍ പൊതുവിടത്തിലും ജങ്ങ്ഷനുകളിലും മനോഹരമായ ശില്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. പോസ്റ്ററുകളോ ബാനറുകളോ എങ്ങുമില്ല. ചുവരെഴുതാനും അതു വായിക്കാനും ഇവിടെയാളെ കിട്ടില്ലല്ലോ. ഇതെല്ലാം UAE എമറേറ്റുകള്‍ക്ക് യൂറോപ്യന്‍ നഗരവുമായുള്ള പാരസ്പര്യം വെളിപ്പെടുത്തുന്നുണ്ട്. ഈ കൊച്ചു ദ്വീപിലെ നടപ്പാതയുടെ ഓരത്തുംകണ്ടു അറബി അക്ഷര മാലകള്‍ കൊണ്ടു തീര്‍ത്ത ഒരു സുവര്‍ണ്ണ ഗോളം.

പൂമ്പാറ്റകളുടെ ബംഗ്ലാവില്‍ അവയ്ക്കായി അവിടവിടെ കരുതിയ ഭക്ഷണം കണ്ട് അത്ഭുതപ്പെട്ടു. മധുരനാരങ്ങയും നന്നായി പഴുത്ത വാഴപ്പഴവും നെടുകെ പിളര്‍ന്ന് അവിടവിടെ പാത്രങ്ങളില്‍ കരുതിവച്ചിട്ടുണ്ട്. പറക്കലിന്റെ ഇടവേളകളില്‍ അവ വന്നിരുന്ന് ആഹരിയ്ക്കുന്നു. ഇവിടെ പക്ഷേ മുതിര്‍ന്നവരെക്കാള്‍ കുട്ടികളാണുള്ളത് കാഴ്ച്ചക്കാരായി. പൂമ്പാറ്റകള്‍ ബാല്യങ്ങളുടെ കളിക്കൂട്ടുകാരാണല്ലോ. മുതിര്‍ന്നവരാകെ മനോഹരമായ ഇരിപ്പിടങ്ങളില്‍ കിടാങ്ങള്‍ക്ക് കൂട്ടിരുന്ന് സങ്കല്പത്തില്‍ പൂമ്പാറ്റകളുടെ ചിറകിലേറി ബാല്യത്തിന്റെ നാട്ടുവഴികളിലേക്കും കളിമുറ്റങ്ങളിലേക്കുംയാത്ര ചെയ്യുന്നു.

ഓര്‍ക്കുകയായിരുന്നു, നമ്മുടെ നിത്യഹരിത വനങ്ങളും മരിച്ചു കൊണ്ടിരിക്കുന്ന പ്രവാഹം നിലച്ച് അഴുക്കുചാലുകളായ പുഴകളും നീര്‍ച്ചോലകളും ഒന്നു മനസ്സുവച്ചാല്‍ എത്രമേല്‍ മനോഹരമാക്കാം. ലക്ഷക്കണക്കായ സന്ദര്‍ശകര്‍ നിലയ്ക്കാത്ത പ്രവാഹമായൊഴുകുന്ന ഗ്ലോബല്‍ വില്ലേജില്‍ പോലും ഒരു ടിഷ്യു പേപ്പറിന്റെ തുണ്ടോ ഒരു ചോക്ലേറ്റിന്റെ കവറോ വേസ്റ്റ് ബിന്നിലല്ലാതെ പുറമേയെങ്ങും കാണാനില്ല.
ഈ ശുചിത്വ മും പരിസരാവബോധവും ഒരു സംസ്‌കാരമാണ്. വീടകങ്ങളില്‍ നിന്നും പാഠശാലകളില്‍ നിന്നും കുഞ്ഞുമനസ്സിലേക്ക് മധുരം കണക്കെ പകരേണ്ട അറിവ്. ഇരുള്‍ കനത്തതോടെ ഞങ്ങള്‍ തിരികെ പോകാനൊരുങ്ങി വാഹനത്തിനരികിലേക്കു നടന്നു.